മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിനു ജാമ്യം

കോടതി ഉത്തരവ് കൈമാറിയാൽ കെജ്രിവാൾ വെള്ളിയാഴ്‌ച ജയിൽ മോചിതനാകും
arvind kejriwal got bail
അരവിന്ദ് കെജ്‌രിവാൾ
Updated on

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ജാമ്യം. ഡൽഹി റൗസ് അവന്യു പ്രത്യേക കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം.

കെജ്‌രിവാൾ ഇന്നു തിഹാർ ജയിലിൽ നിന്നു മോചിതനായേക്കും. കഴിഞ്ഞ മാർച്ച് 21നാണു കെജ്‌രിവാൾ അറസ്റ്റിലായത്. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചാരണത്തിനായി സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ജൂൺ രണ്ടിന് ഇത് അവസാനിച്ചിരുന്നു.

മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനു ജാമ്യ ഉത്തരവ് 48 മണിക്കൂർ നേരം സ്റ്റേ ചെയ്യണമെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കെജ്‌രിവാളിനെതിരേ 100 കോടിയുടെ അഴിമതിക്കു തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. എന്നാൽ, എഎപി നേതാവിനെതിരേ മൊഴി നൽകിയവർ കേസിലെ പ്രതികളാണെന്നും വിശുദ്ധരല്ലെന്നും കെജ്‌രിവാളിന്‍റെ അഭിഭാഷകൻ വാദിച്ചു. മാപ്പുസാക്ഷിയാക്കാമെന്നും ജാമ്യം നൽകാമെന്നുമുള്ള വാഗ്ദാനങ്ങളുടെ പേരിലാണ് ഇവർ മൊഴി നൽകിയതെന്നും കെജ്‌രിവാളിന്‍റെ അഭിഭാഷകൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയായിരുന്നു ഇടക്കാല ജാമ്യം. എന്നാൽ, ഇപ്പോൾ ലഭിച്ച സ്ഥിരം ജാമ്യത്തിൽ ഇത്തരം നിബന്ധനകളില്ല.

Trending

No stories found.

Latest News

No stories found.