2011ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനക്കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം

ബിഹാറിലെ സിവാൻ ജില്ലയിലെ കോടതിയാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്
 lalu prasad yadav

ലാലു പ്രസാദ് യാദവ്

Updated on: 

സിവാൻ (ബിഹാർ): 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് ജാമ്യം. ബിഹാറിലെ സിവാൻ ജില്ലയിലെ കോടതിയാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്.

കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ലാലു പ്രസാദ് അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് നേരത്തെ കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നതെന്നും മനഃപൂർവം വിട്ടുനിന്നതല്ലെന്നും ലാലുവിന്‍റെ അഭിഭാഷകൻ കാമേശ്വർ തിവാരി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2011ൽ ദരൗണ്ട നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസം അനുവദിച്ച സമയപരിധി കഴിഞ്ഞും ലാലു തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചെന്നാണ് കേസ്. കേസിലെ മറ്റൊരു പ്രതിയും അന്നത്തെ ആർജെഡി സ്ഥാനാർഥിയുമായിരുന്ന പരമേശ്വർ സിങ് പിന്നീട് മരിച്ചു.

ജാമ്യം ലഭിച്ചതിന് പിന്നാലെ ലാലുവിന്‍റെ നിരവധി അനുയായികൾ കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. തുടർന്ന് ലാലു പ്രസാദ്, അന്തരിച്ച ഗുണ്ടാനേതാവും മുൻ രാഷ്ട്രീയക്കാരനുമായ മുഹമ്മദ് ഷഹാബുദ്ദീന്‍റെ മകൻ ഒസാമ ഷഹാബിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. സിവാനിലെ രഘുനാഥ്പുർ മണ്ഡലത്തിലെ ആർജെഡി എംഎൽഎയാണ് ഒസാമ.