

പാസ്റ്ററെ ക്രൂരമായി മർദിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ
ഭുവനേശ്വർ: ഒഡിഷയിൽ പാസ്റ്ററെ ക്രൂരമായി മർദിച്ച ബജ്റംഗ് ദൾ പ്രവർത്തകർ ചാണകവെള്ളവും മലിനജലവും കുടിപ്പിക്കുകയും കഴുത്തിൽ ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും തലമുടി വടിക്കുകയും ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ധെങ്കനാൽ ജില്ലയിലെ പർജംഗിലെ കന്ദർസിംഗ ഗ്രാമത്തിൽ ജനുവരി നാലിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. ബിപൻ ബിഹാരി നായിക് എന്ന പാസ്റ്ററാണ് ആക്രമണത്തിന് ഇരയായത്. മതപരിവർത്തനശ്രമം ആരോപിച്ചായിരുന്നു മർദനം. ജനുവരി 13 നാണ് ബിപിന്‍റെ ഭാര്യ ബന്ദന നായിക് പൊലീസിൽ പരാതി നൽകുന്നത്.
മുളവടികളും കമ്പികളുമായി എത്തിയ 15-20 പേരടങ്ങുന്ന ബജ്റംഗ്ദൾ സംഘം ഭർത്താവിനെ പുറത്തേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ബന്ദന പരാതിയിൽ പറയുന്നു.
ആക്രമണത്തിന് ശേഷം കഴുത്തിൽ ചെരുപ്പുമാല അണിയിച്ച് പുറത്തേക്ക് കൊണ്ടുപോയി. ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും ബിപിന്‍റെ തലമുടി വടിക്കുകയും ചെയ്തു. വിഗ്രഹത്തിന് മുന്നിൽ തൊഴാനും നിർബന്ധിച്ച അക്രമി സംഘം, ബലം പ്രയോഗിച്ച് മലിന ജലവും ചാണക വെള്ളവും കുടിപ്പിക്കുകയും ചെയ്തു. ഒടുവിൽ പാസ്റ്ററുടെ കൈകൾ ക്ഷേത്രത്തിന് പിന്നിൽ ഇരുമ്പുകമ്പിയുമായി ബന്ധിച്ച ശേഷം ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും മർദ്ദിക്കുകയുമായിരുന്നു.
ആരോഗ്യത്തിനും സൗഖ്യത്തിനുമായി പ്രാർഥിക്കാൻ പ്രദേശവാസിയായ കൃഷ്ണ നായിക് വിളിച്ചതുപ്രകാരം ബിപിൻ അദ്ദേഹത്തിന്‍റെ വീട്ടിലെത്തുകയായിരുന്നു. ഇവിടേക്ക് അക്രമിസംഘം എത്തിയത്. തുടർന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രാദേശിക പത്രത്തിന്‍റെ റിപ്പോർട്ടറായ അറിയപ്പെടുന്ന നിഗമനന്ദ ദൾ ബെഹെറ എന്നയാളുടെ പേരും എഫ്ഐആറിലുണ്ട്.