
മുംബൈ: വാഹനാപകടങ്ങളൊഴിവാക്കാൻ റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിക്കുന്ന ക്രാഷ് ബാരിയർ നിർമിക്കാൻ മുളങ്കമ്പുകളും. മഹാരാഷ്ട്രയിലെ ചന്ദ്രാപുർ- യാവത്മാൽ ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഓരത്ത് 200 മീറ്റർ ദൂരത്താണു പരിസ്ഥിതി രംഗത്തും മുള വ്യവസായത്തിലും പുതിയ സാധ്യതകൾ തുറക്കുന്ന പരീക്ഷണം. ലോകത്തു തന്നെ ഇതാദ്യമാണ് മുളങ്കമ്പുകൊണ്ട് ക്രാഷ് ബാരിയർ നിർമിക്കുന്നത്. ഇതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ഉരുക്കുകൊണ്ടുള്ള ക്രാഷ് ബാരിയറിന് ഏറ്റവും മികച്ച ബദലാണ് മുളയെന്ന് കുറിച്ചു.
വനി- വരോറ ദേശീയ പാതയിലാണ് ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നിർമിച്ച നൂതന ക്രാഷ് ബാരിയർ. "ബാഹുബലി' എന്ന് ഈ നിർമിതിയെ വിശേഷിപ്പിച്ച ഗഡ്കരി ഇതു വിവിധ സ്ഥാപനങ്ങളിൽ സുരക്ഷാ- ബല പരിശോധനകളിൽ വിജയിച്ചതാണെന്നും അറിയിച്ചു.
ഇൻഡോർ പീതാംപുരിലെ നാഷണൽ ഓട്ടൊമോട്ടിവ് ടെസ്റ്റ് ട്രാക്സ് (നാട്രാക്സ്) മുള ക്രാഷ് ബാരിയറിന്റെ ബലം പരിശോധിച്ചിരുന്നു. റൂർക്കിയിലെ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ അഗ്നി സുരക്ഷാ പരിശോധനയിൽ ക്ലാസ് 1 ആണു റേറ്റിങ്. ഇന്ത്യൻ റോഡ് സുരക്ഷാ കോൺഗ്രസിന്റെ അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ട് ഈ ക്രാഷ് ബാരിയറിന്. മുള ബാരിയറുകളുടെ റീസൈക്ളിങ് മൂല്യം 50-70 ശതമാനമാണെന്നും ഉരുക്കു ബാരിയറുകൾക്ക് ഇത് 30- 50 ശതമാനം മാത്രമെന്നും ഗഡ്കരി. കൂടാതെ ഗ്രാമീണ കാർഷിക- സൗഹൃദ വ്യവസായമെന്ന നിലയ്ക്ക് രാജ്യത്തിന്റെ വികസനത്തിൽ ഇതു വലിയ പങ്കുവഹിക്കുമെന്നും ഗഡ്കരി. മുളയിൽ ഏറെ കടുപ്പമുള്ള ബാംബുസ ബൽകോവയാണ് ബാരിയർ നിർമാണത്തിന് ഉപയോഗിച്ചത്. ഇതു ക്രിസോട്ട് ഓയിലിൽ സംസ്കരിച്ചെടുത്തശേഷം ഹൈ ഡെൻസിറ്റി പോളി എഥിലീൻ ഉപയോഗിച്ച് ആവരണം നൽകി. തുടർന്നാണ് ബാരിയറാക്കി മാറ്റിയത്. പരീക്ഷണം പൂർണ വിജയമായാൽ രാജ്യത്തെ ക്രാഷ് ബാരിയർ രംഗത്ത് വ്യാപകമായി ഉപയോഗിക്കാനാണു കേന്ദ്ര സർക്കാരിന്റെ പദ്ധതി. മുള വ്യവസായ, കാർഷിക രംഗത്ത് വലിയ കുതിച്ചുചാട്ടമാകും ഇതുണ്ടാക്കുക.