

ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക്; കേന്ദ്രത്തിനും ഡൽഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ്
Supreme court of India
ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കുള്ള വേദിയിൽ നിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനോടും ഡൽഹി പൊലീസിനോടും വിശദീകരണം തേടി സുപ്രീം കോടതി. ഒക്റ്റോബർ 11ലെ ഉത്തരവിലൂടെ ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും പകരം മൂന്ന് സ്ഥലങ്ങൾ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരായ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, രാംലീല മൈതാനം, വടക്കൻ ഡൽഹിയിലെ ബുരാഡി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവയാണ് പ്രതിഷേധങ്ങൾക്കുള്ള പുതിയ വേദികളായി നിശ്ചയിച്ചത്.
ജന്തർ മന്തറിനെ പ്രതിഷേധ വേദിയായി ഉപയോഗിക്കുന്നതിന്റെ പ്രസക്തിയും ഫലപ്രാപ്തിയും അധികൃതർ വേണ്ടവിധം പരിശോധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡൽഹിയിൽ പൊതുയോഗങ്ങൾക്കും പ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 163-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവുകൾ സമർപ്പിക്കാനും ഡൽഹി പൊലീസിനോട് സുപ്രീം കോടതി നിർദേശിച്ചു.
അഭിഭാഷക സ്വാതി സിങ് സമർപ്പിച്ച ഹർജി പരിഗണിക്കവേ, ജന്തർ മന്തറിനെ പ്രതിഷേധ വേദിയായി പ്രഖ്യാപിച്ച പഴയ വിജ്ഞാപനം പുനഃസ്ഥാപിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് തങ്ങളുടെ ശബ്ദം ഫലപ്രദമായി ഉയർത്താൻ കഴിയുന്ന സ്ഥലമായിരിക്കണം ഔദ്യോഗികമായി പ്രതിഷേധ വേദിയായി നിശ്ചയിക്കേണ്ടതെന്ന് മുതിർന്ന അഭിഭാഷക മുക്ത ഗുപ്ത വാദിച്ചു.
ജന്തർ മന്തറിനെ പ്രതിഷേധ വേദികളിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് ഏകപക്ഷീയവും പോരായ്മകൾ നിറഞ്ഞതുമാണെന്നും ഹർജിക്കാർ ആരോപിച്ചു. പകരം വേദികൾ നിർദേശിച്ചിട്ടുണ്ടെന്നതുകൊണ്ടുമാത്രം പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നില്ലെന്നും ആ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച വിശദമായ ക്രമീകരണങ്ങൾ പിന്നീട് പുറത്തിറക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറിന് (എസ്ഒപി) വിട്ടുകൊടുക്കുന്നത് ആശങ്കാജനകമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.