ചൈനീസ് അധിനിവേശത്തിനു പിന്തുണ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കരയാൽ ചുറ്റപ്പെട്ടതാണെന്നും, ഇവിടെ കടലിന്‍റെ ഏക സംരക്ഷകർ ബംഗ്ലാദേശാണെന്നും നാലു ദിവസത്തെ ചൈനീസ് സന്ദർശനത്തിനിടെ മുഹമ്മദ് യൂനുസിന്‍റെ പരാമർശം
Mohammed Yunus with Chinese President Xi Jinping

മുഹമ്മദ് യൂനുസ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനൊപ്പം.

Updated on

ബീജിങ്: ദക്ഷിണേഷ്യയിൽ ചൈനയുടെ അധിനിവേശ ലക്ഷ്യങ്ങൾക്കു പരോക്ഷ പിന്തുണ പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്‍റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസ്. ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കരയാൽ ചുറ്റപ്പെട്ടതാണെന്നും, ഇവിടെ കടലിന്‍റെ ഏക സംരക്ഷകർ ബംഗ്ലാദേശാണെന്നും നാലു ദിവസത്തെ ചൈനീസ് സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ സാമ്പത്തിക അടിത്തറ സ്ഥാപിക്കാൻ ചൈനയെ ക്ഷണിച്ച യൂനിസ്, ഇതിലൂടെ വലിയ സാധ്യതകളാണ് ചൈനയ്ക്ക് തുറന്നു കിട്ടുന്നതെന്നും അവകാശപ്പെട്ടു. ചൈനീസ് സമ്പദ് വ്യവസ്ഥ വ്യാപിപ്പിക്കാൻ ഇതു സഹായിക്കുമെന്ന യൂനിസിന്‍റെ അഭിപ്രായ പ്രകടനം സാമ്പത്തിക അധിനിവേശത്തിനുള്ള ക്ഷണം തന്നെയായി വിലയിരുത്തപ്പെടുന്നു.

ബംഗ്ലാദേശ് ആസ്ഥാനമാക്കി ചൈനയ്ക്ക് സാധനങ്ങൾ നിർമിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യാം, അവ വിപണനം ചെയ്യാം, ചൈനയിലേക്കു കൊണ്ടുപോകാം, ലോകത്തിന്‍റെ ഇതരഭാഗങ്ങളിലേക്കെല്ലാം കയറ്റി അയയ്ക്കാം- യൂനിസ് വിശദീകരിച്ചു.

ഇന്ത്യൻ പ്രധാന്മന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ അംഗം സഞ്ജീവ് സന്യാലാണ് മുഹമ്മദ് യൂനിസിന്‍റെ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്. ബംഗ്ലാദേശിൽ നിക്ഷേപം നടത്താൻ ചൈനയെ ക്ഷണിക്കുന്നതു മനസിലാക്കാം. പക്ഷേ, ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങൾ കരയാൽ ചുറ്റപ്പെട്ടതാണെന്ന പരാമർശത്തിനു പിന്നിൽ എന്താണെന്നും സന്യാൽ ചോദിക്കുന്നു.

സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായും യൂനുസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യക്കു കൂടി അവകാശമുള്ള ടീസ്റ്റ ഉൾപ്പെടെയുള്ള നദികളുടെ നിയന്ത്രണത്തിന് 50 വർഷത്തെ മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന ആവശ്യവും അദ്ദേഹം ഇതിൽ മുന്നോട്ടുവച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com