

സപ്തസഹോദരിമാരെ വിഭജിക്കും; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി
ധാക്ക: ഇന്ത്യയുടെ ' ഏഴ് സഹോദരിമാരെ ' വിഭജിക്കാന്‍ സാധ്യതയുള്ള വിഘടനവാദ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയോട് ശത്രുതയുള്ള ശക്തികള്‍ക്ക് ധാക്ക അഭയം നല്‍കുമെന്നു ബംഗ്ലാദേശിലെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍സിപി) നേതാവ് ഹസ്‌നത്ത് അബ്ദുള്ള തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി. ഈ പ്രസ്താവനയെ 'നിരുത്തരവാദപരവും അപകടകരവുമെന്ന്' ചൊവ്വാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ വിശേഷിപ്പിച്ചു. ഇത്തരം പ്രസ്താവനകളില്‍ ഇന്ത്യ മൗനം പാലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ് ' ഏഴ് സഹോദരിമാര്‍ ' എന്ന് അറിയപ്പെടുന്നത്. ബംഗ്ലാദേശുമായി കര അതിര്‍ത്തി പങ്കിടുന്നത് അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ നാല് സംസ്ഥാനങ്ങളാണ്.
ധാക്കയിലെ സെന്‍ട്രല്‍ ഷഹീദ് മിനാറില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് അബ്ദുള്ള, ബംഗ്ലാദേശ് 'വിഘടനവാദികള്‍ക്കും ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്കും' അഭയം നല്‍കുമെന്ന് പറഞ്ഞത്.
'ബംഗ്ലാദേശിന്‍റെ പരമാധികാരം, മനുഷ്യാവകാശങ്ങള്‍ എന്നിവയെ മാനിക്കാത്ത ശക്തികള്‍ക്ക് അഭയം നല്‍കിയാല്‍ ബംഗ്ലാദേശ് പ്രതികരിക്കുമെന്ന് ഞാന്‍ ഇന്ത്യയോട് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു' എന്ന് അബ്ദുള്ള പറഞ്ഞു.