
ധാക്ക: രാജ്യത്തു നിന്നു പലായനം ചെയ്ത പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഇന്ത്യയ്ക്ക് കത്തു നൽകി. വംശഹത്യയും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി ഹസീനയുൾപ്പെടെ മുൻ ഭരണകൂടത്തിലെ മന്ത്രിമാർക്കെതിരേ ധാക്കയിലെ അന്താരാഷ്‌ട്ര ക്രൈം ട്രൈബ്യൂണൽ വോറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യം. ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ജമാ അത്തെ ഇസ്‌ലാമിയടക്കം സംഘടനകളുടെ പിന്തുണയോടെ നടന്ന കലാപത്തിൽ അധികാരം നഷ്ടമായ ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതൽ ഇന്ത്യയിലാണ്. എന്നാൽ, ഹസീനയെ എവിടെയാണു പാർപ്പിച്ചിരിക്കുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമാണ് ഹസീനയെ കൈമാറണമെന്ന ആവശ്യത്തിൽ നടപടിക്കു തുടക്കമിട്ടത്. ഇന്ത്യയും ബംഗ്ലാദേശുമായി കുറ്റവാളി കൈമാറ്റ കരാറുണ്ടെന്നും ആലം പറയുന്നു.