ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്
ന്യൂഡൽഹി: അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കുന്നതിലെ കാലതാമസം, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്‍റിവ് (പിഎൽഐ) പദ്ധതിയിലെ ഭിന്നത, പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ എന്നിവ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു.
പണിമുടക്ക് നടന്നാൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബാങ്കിങ് സേവനങ്ങളെ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനങ്ങളെ, നാല് ദിവസത്തോളം ബാധിച്ചേക്കും. സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ്. തുടർന്നുള്ള രണ്ട് ദിവസങ്ങൾ ബാങ്ക് അവധിയാണ്. ചില സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14ന് ഗണേശ ചതുർഥിയോടനുബന്ധിച്ചും അവധിയുണ്ട്.
ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും ഒൻപത് സംഘടനകൾ ഉൾപ്പെടുന്നതാണ് യുഎഫ്ബിയു. ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലും പരിഹാരമുണ്ടായില്ലെങ്കിൽ ഒക്റ്റോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും യുഎഫ്ബിയു മുന്നറിയിപ്പ് നൽകി.
പ്രധാന ആവശ്യങ്ങളോട് സർക്കാരിന്‍റെ ‘നിഷേധാത്മക സമീപനം’ തുടരുന്നതിനെ തുടർന്നാണ് ഞായറാഴ്ച ചേർന്ന യോഗത്തിൽ പണിമുടക്ക് തീരുമാനിച്ചതെന്ന് യുഎഫ്ബിയു പ്രസ്താവനയിൽ അറിയിച്ചു.
അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കുന്ന കാര്യത്തിൽ 2024 മാർച്ച് എട്ടിന് ഒപ്പുവെച്ച 12-ാം ഉഭയകക്ഷി കരാറിന്‍റെയും ഒൻപതാം ജോയിന്‍റ് നോട്ടിന്‍റെയും ഭാഗമായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) നിർദേശം അംഗീകരിച്ചിരുന്നതായി യുഎഫ്ബിയു പറഞ്ഞു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ജോലി സമയം 40 മിനിറ്റ് വർധിപ്പിക്കുന്നതായിരുന്നു നിർദേശം. തുടർന്ന് നിർദേശം സർക്കാരിന് ശുപാർശ ചെയ്തെങ്കിലും രണ്ട് വർഷത്തിലേറെയായി തീരുമാനം ഉണ്ടായിട്ടില്ലെന്നും സംഘടന ആരോപിച്ചു.