
ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിനിടെ ജേണലിസ്റ്റുകളോട് ചിലർ മോശമായി പെരുമാറിയെന്നും, മണിക്കൂറുകളോളം ജോലി ചെയ്യാൻ സമ്മതിച്ചില്ലെന്നുമുള്ള ആരോപണവുമായി ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ. പൊലീസുകാരും ഉദ്യോഗസ്ഥരും പലരോടും മോശമായി പെരുമാറിയിരുന്നു. കംപ്യൂട്ടറുകളും ഫോണുകളും പരിശോധിക്കുകയും, റെയ്ഡിനെക്കുറിച്ചു വാർത്ത നൽകുന്നതിൽ നിന്നു വിലക്കുകയും ചെയ്തു, ബിബിസി ആരോപിക്കുന്നു.
ചാനലിന്‍റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താതെയാണു സർവെ നടന്നതെന്നായിരുന്നു ആദായ നികുതി വകുപ്പ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ബിബിസി ഇതെല്ലാം നിഷേധിക്കുന്നു. ഹിന്ദി, ഇംഗ്ലിഷ് ജേണലിസ്റ്റുകളെ മണിക്കൂറോളം ജോലി ചെയ്യാൻ അനുവദിച്ചില്ല. സീനിയർ എഡിറ്റർമാരുടെ നിരന്തരമായ അഭ്യർഥനയ്ക്കു ശേഷമാണു ജോലി തുടരാനായത്.
ബിബിസി ക്രമക്കേട് നടത്തിയതായി ആദായ നികുതി വകുപ്പ് റെയ്ഡിനു ശേഷം വ്യക്തമാക്കിയിരുന്നു. ബിബിസി കാണിക്കുന്ന വരുമാനവും ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ തോതും ആനുപാതികമല്ലെന്നാണു വകുപ്പ് വ്യക്തമാക്കിയത് വിദേശത്തെ സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടിന്‍റെ നികുതി അടച്ചിട്ടില്ലെന്നും അറിയിച്ചു. ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ എന്ന ബിബിസി ഡോക്യുമെന്‍ററി ഇന്ത്യയിൽ നിരോധിച്ചതിനു പിന്നാലെ നടന്ന റെയ്ഡ് കനത്ത പ്രതിഷേധങ്ങൾക്കു വഴിവച്ചിരുന്നു.