
ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയാകുന്നതു വരെ യാതൊരു വിധ ഡാറ്റകളും ഡിലീറ്റ് ചെയ്യരുതെന്നു ജീവനക്കാരോട് ബിബിസിയുടെ നിര്‍ദ്ദേശം. ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍റെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ മൂന്നാം ദിവസവും പരിശോധനകള്‍ തുടരുകയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ അതനുസരിക്കണമെന്നും ജീവനക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ബിബിസി വ്യക്തമാക്കി.
ബിബിസിയുടെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന് ഹാജരാകാനായി തയാറാവാനും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു വിവരവും മറച്ചുവയ്‌ക്കേണ്ടതില്ല. ബിബിസിയുടെ സാമ്പത്തിക വിഭാഗത്തിലെ ചില രേഖകളാണു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. എഡിറ്റോറിയല്‍ വിഭാഗത്തെ പരിശോധനകള്‍ ബാധിച്ചിട്ടില്ല. വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ഇലക്ട്രോണിക് ഡിവൈസുകളില്‍ നിന്നുള്ള ഡാറ്റ ആദായനികുതി അധികൃതര്‍ കോപ്പി ചെയ്യുന്നുണ്ട്.