
കുംഭമേള ദുരന്തം: സർക്കാർ മരണസംഖ്യയിൽ കൃത്രിമം നടത്തിയതായി കണ്ടെത്തി ബിബിസി
file image
ന്യൂഡൽഹി: 2025 ജനുവരി 29ന് പ്രയാഗ്‌രാജിൽ നടന്ന കുംഭമേള അപകടത്തിലെ മരണക്കണക്കില്‍ തട്ടിപ്പ് നടന്നതായി ബിബിസി റിപ്പോര്‍ട്ട്. ഉത്തർപ്രദേശ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം 37 പേർ മാത്രമാണ് മരിച്ചത്. എന്നാൽ, കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 82 പേർ മരിച്ചുവെന്നാണ് ബിബിസിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2025 ജൂൺ 10-ന് പുറത്തുവിട്ട റിപ്പോർട്ടിന്‍റെ പഠനത്തിനായി 11 സംസ്ഥാനങ്ങളിലെ 50-ലധികം ജില്ലകളിലെയും 100-ലധികം കുടുംബങ്ങളെയും സമീപിച്ചതായും, ഏറ്റവും കുറഞ്ഞത് 82 പേർ മരിച്ചതിനു വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും, കുടുംബങ്ങൾക്ക് കാര്യമായ തെളിവ് നൽകാൻ കഴിയുന്ന കേസുകൾ മാത്രമേ ഈ എണ്ണത്തിൽ ഉൾപ്പെടുന്നുള്ളൂവെന്നും ബിബിസി വ്യക്തമാക്കി.
മരിച്ച 37 പേരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി ഉത്തർപ്രദേശ് സർക്കാർ 25 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. എന്നാൽ ഔദ്യോഗിക കണക്കില്‍പ്പെടാത്ത 26 കുടുംബങ്ങള്‍ക്ക് പണമായി സർക്കാർ 5 ലക്ഷം രൂപ വീതം നൽകിയതായും ബിബിസി കണ്ടെത്തി. ഈ 26 കുടുംബങ്ങളെ ഔദ്യോഗിക മരണസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ബിബിസി ആരോപിക്കുന്നത്.
പൊലീസ് സംഘങ്ങൾ ഈ കുടുംബങ്ങൾക്ക് 500 രൂപയുടെ നോട്ടു കെട്ടുകൾ കൈമാറുന്ന ദൃശ്യങ്ങളും ഫോട്ടോസും തങ്ങളുടെ പക്കൽ ഉണ്ടെന്നും ബിബിസി അവകാശപ്പെടുന്നു. ഈ കുടുംബങ്ങളെക്കൊണ്ട് തിക്കിലും തിരക്കിലും പെട്ടല്ല, പെട്ടെന്നുള്ള അസുഖം മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകളിൽ ഒപ്പിടാൻ സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ടിലുണ്ട്.
കൂടാതെ, തിക്കിലും തിരക്കിലും പെട്ട് മരിച്ചതായി തെളിവുസഹിതം അവകാശപ്പെട്ട 19 കുടുംബങ്ങളെ കൂടി ബിബിസിയുടെ അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഇവർക്ക് എന്നാൽ സർക്കാരിൽ നിന്ന് യാതൊരു തരത്തിലുള്ള സാമ്പത്തിക സഹായവും ലഭിച്ചില്ല. ഈ കുടുംബങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, ആശുപത്രി മോർച്ചറി സ്ലിപ്പുകൾ, മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ തെളിവുകൾ അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി ബിബിസി ഹാജരാക്കി.
ബിബിസി ഹിന്ദി പുറത്തുവിട്ട റിപ്പോർട്ട് ഔദ്യോഗിക മരണസംഖ്യയുടെ കൃത്യതയെയും നഷ്ടപരിഹാര പ്രക്രിയയുടെ സുതാര്യതയെയും കുറിച്ചുള്ള ഗുരുത ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഏകദേശം 87 ലക്ഷം തീർത്ഥാടകരാണ് കുഭമേളയിൽ പുണ്യ സ്നാനം നടത്തിയതെന്നും 62 കോടി തീർത്ഥാടകർ മേളയിൽ പങ്കെടുത്തതായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ന് പറഞ്ഞിരുന്നു.
എന്നാൽ മരണനിരക്ക് ഉൾപ്പടെയുള്ള കണക്കുകളിലെ പൊരുത്തകേടുകൾ മൂലം മല്ലികാർജുൻ ഖാർഗെ ഉൾപ്പടെയുള്ള എതിർ പാർട്ടികൾ മുന്നോട്ടുവച്ച വിവാദങ്ങളുടെ കെട്ടടങ്ങിയെന്ന് കരുതിയിരിക്കുന്നതിനിടെയാണ് ഇപ്പോൾ ബിബിസിയുടെ പുതിയ റിപ്പോർട്ട് പുറത്ത് വരുന്നത്.