

പദ്മയ്ക്കും ഭർത്താവിനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു.
ചെന്നൈ: നഗരത്തിലെ ചവറ്റുകുട്ടയിൽ നിന്നു കിട്ടിയ 50 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങൾ പൊലീസിനെ ഏൽപ്പിച്ച ശുചീകരണത്തൊഴിലാളിയുടെ സത്യസന്ധതയ്ക്ക് തമിഴ്നാട് സർക്കാർ സമ്മാനമായി നൽകിയത് ഒരു ലക്ഷം രൂപ. ചെന്നൈ ടി നഗറിലെ ശുചീകരണത്തൊഴിലാളി എസ്. പദ്മയെയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഓഫിസിൽ വിളിച്ച് ആദരിച്ച് സമ്മാനം കൈമാറിയത്.
കഴിഞ്ഞ ദിവസം മുത്തമ്മൻ കോവിൽ സ്ട്രീറ്റിലെ ചവറ്റുകുട്ടയിൽ നിന്നാണു പദ്മയ്ക്ക് ഐസ്ക്രീം പെട്ടിയിൽ നിറച്ച സ്വർണാഭരണങ്ങൾ ലഭിച്ചത്. തൈർ സാദമായിരിക്കുമെന്നാണ് ആദ്യം കരുതിയതെന്ന് പദ്മ. നല്ലതാണെങ്കിൽ വീട്ടിൽ കൊണ്ടുപോയി കഴിക്കാമെന്നും കരുതി. തുറന്നപ്പോൾ പെട്ടിക്കുള്ളിൽ സ്വർണം കണ്ട് അമ്പരന്നു.
ആകെ 45 പവൻ സ്വർണത്തിന്‍റെ ആഭരണങ്ങളുണ്ടായിരുന്നു. ഭർത്താവിനെ വിളിച്ചുവരുത്തി ഇരുവരും പോണ്ടി ബസാറിലെ പൊലീസ് സ്റ്റേഷനിലെത്തി പെട്ടി കൈമാറി. പൊലീസ് ഉടമസ്ഥനെ കണ്ടെത്തി കൈമാറി.
നഗരത്തിലെ ഒരു ജ്വല്ലറി ഉടമയുടേതായിരുന്നു സ്വർണം. അദ്ദേഹം അശ്രദ്ധമായി ചിന്തിച്ച് ഉപയോഗശൂന്യമായ പെട്ടിയെന്നു കരുതി ചവറ്റുകുട്ടയിലിടുകയായിരുന്നു.
വിശാല ചെന്നൈ കോർപ്പറേഷനിൽ മാലിന്യം നീക്കൽ സ്വകാര്യ സംരംഭകരെ ഏൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് മുതൽ സമരത്തിലാണ് ശുചീകരണത്തൊഴിലാളികൾ. സമരം ചെയ്ത ഇടത് തൊഴിലാളി സംഘടനകളിൽ നിന്നടക്കം 1952 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ഇവരുടെ കുടുംബങ്ങളടക്കം ദുരിതത്തിൽ കഴിയുമ്പോഴാണ് പദ്മയുടെ സത്യസന്ധത തൊഴിലാളികൾക്കാകെ അഭിമാനമായത്.