
ചെന്നൈ: ഓസ്കർ പുരസ്കാരം നേടിയ 'ദിഎലഫന്‍റ് വിസ്പറേഴ്സ്' എന്ന ഡോക്യുമെന്‍ററിയിലൂടെ ശ്രദ്ധേയയായ ബെല്ലിക്ക് ആനക്കളരിയിൽ ജോലി നൽകി തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ആനക്കളരിയിൽ കെയർ ടേക്കറായി നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ് ബെല്ലി.
നീലഗിരി ജില്ലയിലെ തെപ്പാക്കാട് ആനക്കളരിയിലാണ് ആനപാപ്പന്‍റെ സഹായിയായി ബെല്ലിയെ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ട് നിയമന കത്ത് ബെല്ലിക്ക് കൈമാറുകയായിരുന്നു.
വനത്തിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടിയാനകളെ പരിരക്ഷിക്കുന്നതിൽ ബെല്ലി കാണിക്കുന്ന ആത്മാർഥതയും സമർപ്പണ മനോഭാവവുമാണ് ഇത്തരമൊരു നിയമനത്തിന് കാരണമെന്ന് സർക്കാർ പറയുന്നു.
മുതുമല കടുവാ സങ്കേതത്തിൽ പ്രവർത്തിക്കുന്ന തെപ്പാക്കാട് ആനക്കളരി ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ കളരികളിൽ ഒന്നാണ്. കളരിയിലെ ഓരോ ആനകളെയും ഗോത്ര വിഭാഗത്തിൽ നിന്നുള്ള പാപ്പാനും സഹായിയും ചേർന്നാണ് പരിശീലിപ്പിക്കുന്നത്. ഇതു വരെ കളരിയിലെ താത്കാലിക ജീവനക്കാരിയായിരുന്നു ബെല്ലി.
ആനകളെ മികച്ച രീതിയിൽ പരിരക്ഷിക്കുന്നതിനുള്ള ആദരവ് എന്ന രീതിയിൽ കഴിഞ്ഞ മാർച്ചിൽ മുതുമലയിലെയും അണ്ണാമലയിലെയും കളരിയിലെ 91 പാപ്പാന്മാർക്കും സഹായികൾക്കുമായി ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രി അനുവദിച്ചിരുന്നു.
കാട്ടിൽനിന്നു കിട്ടിയ രഘു, അമ്മു എന്നീ ആനക്കുട്ടികളെ സംരക്ഷിക്കുന്ന ബൊമ്മന്‍റെയും ബെല്ലിയുടെയും കഥയാണ് 'ദി എലഫന്‍റ് വിസ്പറേഴ്സ്' എന്ന 39 മിനിറ്റ് ഡോക്യുമെന്‍ററിയിലൂടെ പറഞ്ഞത്. ചിത്രം ഓസ്കർ നേടിയതോടെ ബൊമ്മനും ബെല്ലിയും രാജ്യത്തിന്‍റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറി.