ബംഗ്ലാദേശ് അതിക്രമങ്ങളിൽ പുകഞ്ഞ് ബംഗാൾ രാഷ്‌ട്രീയം

bengal politics smoldering in bangladesh atrocities
ബംഗ്ലാദേശ് അതിക്രമങ്ങളിൽ പുകഞ്ഞ് ബംഗാൾ രാഷ്‌ട്രീയം
Updated on

കോൽക്കത്ത: ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയെച്ചൊല്ലിയുള്ള ചർച്ചകളിൽ പുകഞ്ഞ് പശ്ചിമ ബംഗാളിലെ രാഷ്‌ട്രീയം. ന്യൂനപക്ഷാവകാശങ്ങളും സാമുദായിക സൗഹാർദവും പൗരത്വ നിയമ ഭേദഗതിയും (സിഎഎ) ഉൾപ്പെടെ വിഷയമാക്കി ബിജെപിയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പുതിയ പോർമുഖം തുറന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷം ബാക്കിയിരിക്കെ ബംഗ്ലാദേശുമായി 2217 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് അയൽരാജ്യത്തെ സംഭവവികാസങ്ങളുടെ അനുരണനമുണ്ടാകുമെന്ന വിലയിരുത്തലിലാണു തൃണമൂലും ബിജെപിയും.

ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയെ അപലപിച്ചെങ്കിലും സംസ്ഥാനത്ത് സാമുദായിക ഭിന്നതയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏറെ ജാഗ്രതയോടെയാണു മുഖ്യമന്ത്രി മമത ബാനർജി വിഷയത്തെ സമീപിക്കുന്നത്. വിഷയം ബിജെപി രാഷ്‌ട്രീയവത്കരിക്കുകയാണ്. കേന്ദ്ര സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ആവശ്യപ്പെട്ട മമത, വിദേശകാര്യ വിഷയത്തിൽ സംസ്ഥാന സർക്കാരിന് അധികാരങ്ങളില്ലെന്നു കൂട്ടിച്ചേർത്തു.

ആവശ്യമെങ്കിൽ അന്താരാഷ്‌ട്ര സമാധാന സേനയെ ബംഗ്ലാദേശിലേക്ക് നിയോഗിക്കണമെന്നും ഇതിന് ബംഗ്ലാ ഭരണകൂടവുമായി ചർച്ച നടത്തണമെന്നും മമത. ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നു തൃണമൂൽ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ആവശ്യപ്പെട്ടു. കേന്ദ്രം മൗനത്തിലാണ്. അമ്പത്താറിഞ്ച് നെഞ്ചെവിടെയെന്നും കുനാൽ ഘോഷ്.

എന്നാൽ, ബംഗ്ലാദേശ് വിഷയത്തിൽ തൃണമൂൽ കണ്ണടയ്ക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ സുകാന്ത മജുംദാർ കുറ്റപ്പെടുത്തി. ഹിന്ദു സമൂദായത്തെ വഞ്ചിക്കുന്ന പ്രീണനമാണു തൃണമൂലിന്‍റേത്. ബംഗ്ലാ ഹിന്ദുക്കളുടെ പ്രശ്നം ബംഗ്ലാദേശിന്‍റേത് മാത്രമല്ല. അതു പശ്ചിമ ബംഗാളിനെയും നേരിട്ട് ബാധിക്കും. സിഎഎ നടപ്പാക്കുമെന്നും മജുംദാർ.

സിഎഎയെ തൃണമൂൽ കോൺഗ്രസ് എതിർത്തതു ചൂണ്ടിക്കാട്ടിയാണു പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആഞ്ഞടിക്കുന്നത്. ബംഗ്ലാദേശിൽ നിന്നു പലായനം ചെയ്യുന്ന ഹിന്ദുക്കൾക്ക് സംരക്ഷണം ഉറപ്പാക്കാൻ ബിജെപി പൊരുതുമെന്നു പറഞ്ഞ അധികാരി, ബംഗാളി ഹിന്ദുക്കളുടെ നിലനിൽപ്പിനുവേണ്ടിയാണ് തൃണമൂൽ എംപിമാർ പാർലമെന്‍റിൽ സംസാരിക്കേണ്ടതെന്നും ആവശ്യപ്പെട്ടു.

അതേസമയം, ബിജെപിയും തൃണമൂലും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ പേരിൽ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ഇടതുമുന്നണിയും കോൺഗ്രസും കുറ്റപ്പെടുത്തി. പ്രശ്നം രാഷ്‌ട്രീയമല്ല, മാനുഷികമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സഹകരിച്ചു പ്രവർത്തിക്കണമെന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com