

അരൂപ് ബിശ്വാസിനൊപ്പം ലയണൽ മെസി
കോൽക്കത്ത: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു. ഇന്ത‍്യ സന്ദർശനത്തിന്‍റെ ഭാഗമായി കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ ഐതിഹാസിക താരം ലയണൽ മെസി 10 മിനിറ്റുകൾക്കു ശേഷം വേദി വിട്ടത് വലിയ തോതിൽ പ്രതിഷേധത്തിനും സംഘർഷത്തിനുമിടയാക്കിയതിനു പിന്നാലെ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര‍്യത്തിലാണ് അരൂപ് ബിശ്വാസ് മന്ത്രി സ്ഥാനം ഒഴിഞ്ഞത്.
രാജിക്കത്ത് മുഖ‍്യമന്ത്രി മമത ബാനർജിക്ക് കൈമാറി. നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കുന്നതിനു വേണ്ടി താൻ സ്ഥാനം ഒഴിയുന്നുവെന്നാണ് മന്ത്രി നൽകിയ കത്തിൽ പറയുന്നത്.
മെസിയെ കാണാനായി 50,000ത്തിലധികം ജനങ്ങളായിരുന്നു സ്റ്റേഡിയത്തിലെത്തിയിരുന്നത്. 5,000 മുതൽ 45,000 രൂപ വരെ മുടക്കിയിട്ടും മെസിയെ കാണാനാകാതെ മടങ്ങേണ്ടതായി വന്നതോടെയാണ് ആരാധകർ പ്രകോപിതരായത്. ഇതേത്തുടർന്ന് വേദിയിലേക്ക് ആരാധകർ കുപ്പികളും കസേരകളും വലിച്ചെറിഞ്ഞിരുന്നു.