അധ്യാപിക വിദ്യാർഥിയെ വിവാഹം ചെയ്തു; അധ്യാപികയ്ക്ക് നിർബന്ധിത അവധി നൽകി അധികൃതര്‍

വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന ഫ്രെഷേഴ്സ് ഡേയിൽ സംഘടിപ്പിച്ച പ്രോജക്റ്റിന്‍റെ ഭാഗമായി നടത്തിയതാണ് വിവാഹം എന്നാണ് അധ്യാപികയുടെ വാദം.

ഹരിൺഘട്ട (പശ്ചിമ ബംഗാൾ): വിദ്യാർഥിയെ ക്ലാസ് മുറിയിൽ വച്ച് വിവാഹം ചെയ്ത് അധ്യാപിക. പശ്ചിമ ബംഗാളിലെ മൗലാന അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അധ്യാപിക അതേ കോളെജിലെ വിദ്യാർഥിയെ വിവാഹം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഫ്രഷേഴ്സ് ഡേയിൽ നടത്തിയ പ്രൊജക്ടിന്‍റെ ഭാഗമായിട്ടാണ് വിവാഹം നടത്തിയതെന്ന് പറഞ്ഞ അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് കോളെജ് അധികൃതർ.

അധ്യാപിക വധുവിനെ പോലെ ഒരുങ്ങി വിദ്യാര്‍ഥിക്കു മുന്നിൽ നില്‍ക്കുന്നതും, വിദ്യാർഥിയും അധ്യാപികയും പൂമാല പരസ്പരം കഴുത്തിലണിയുന്നതും, വിദ്യാര്‍ഥി അധ്യാപികയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതുമാണ് വിഡിയോയിലുള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കോളെജ് അധികൃതർ ഇടപെടുകയായിരുന്നു.

ക്യാംപസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന ഫ്രെഷേഴ്സ് ഡേയിൽ ഒരു പ്രോജക്റ്റിന്‍റെ ഭാഗമായി നടത്തിയ പരിപാടിയായിരുന്നു എന്നും, തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അത് ആരൊക്കെയോ പ്രചരിപ്പിക്കുകയായിരുന്നു എന്നുമാണ് അധ്യാപിക പറയുന്നത്. പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണെന്നും അധ്യാപിക പറഞ്ഞു.

വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ തപസ് ചക്രബൊര്‍ത്തി വ്യക്തമാക്കി. പ്രത്യേക കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, ''തീര്‍ത്തും പഠനസംബന്ധമായി നടന്ന ഒരു കാര്യം'' എന്നാണ് വൈസ് ചാൻസലറും പറയുന്നത്. അത് സമൂഹമാധ്യമത്തില്‍ മോശമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധ്യാപികയോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിസിയുടെ വിശദീകരണം.

വിഷയത്തില്‍ അധ്യാപക സംഘടനകളും ഇടപെട്ടു കഴിഞ്ഞു. അധ്യാപികയുടെ പ്രവര്‍ത്തി ന്യായീകരിക്കാനാകുന്നതല്ല എന്നാണ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് യൂണിയന്‍റെ നിലപാട്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com