

കോയൽ മല്ലിക്
കോൽക്കത്ത: പ്രശസ്ത ബംഗാളി സിനിമാ നടി കോയൽ മല്ലിക് ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്നുള്ള സ്ഥാനാർഥിയായി ബിജെപി കോയൽ മല്ലിക്കിനെ പ്രഖ്യാപിച്ചതിന്‍റെ പിറ്റേദിവസമാണ് പാർട്ടി പ്രവേശനം. തിങ്കളാഴ്ച കോൽക്കത്തയിലെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കോയൽ പാർട്ടിയിൽ അംഗത്വമെടുത്തത്.
മുതിർന്ന ബംഗാളി സിനിമാ നടൻ രൻജിത് മല്ലിക്കിന്‍റെ മകളായ കോയൽ തൃണമൂൽ കോൺഗ്രസിന്‍റെ (ടിഎംസി) രാജ്യസഭാ എംപി സ്ഥാനം രാജിവച്ചാണ് ബിജെപിയിൽ എത്തിയത്. 2026 ഏപ്രിൽ 6 മുതൽ ജൂലൈ 16 വരെ ഹ്രസ്വകാലം മാത്രമാണ് അവർ ടിഎംസി എംപിയായിരുന്നത്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസി പരാജയപ്പെട്ടതിനു പിന്നാലെ കോയൽ പാർട്ടി വിടുകയായിരുന്നു.
ബിജെപി പശ്ചിമ ബംഗാൾ ജനറൽ സെക്രട്ടറി ശശി അഗ്നിഹോത്രി കോയലിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക കോയൽ തിങ്കളാഴ്ച സമർപ്പിക്കുമെന്ന് അഗ്നിഹോത്രി പറഞ്ഞു.
രാജ്യസഭാ സ്ഥാനാർഥിയായി തന്നെ തെരഞ്ഞെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്ക് കോയൽ നന്ദി അറിയിച്ചു. ബംഗാളിലെ ആദ്യ ബിജെപി സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും പാർട്ടി പ്രവേശനത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അവർ പറഞ്ഞു.
ഞായറാഴ്ചയാണ് ബംഗാളിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയായി കോയലിനെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. ഒക്റ്റോബർ 16നാണ് തെരഞ്ഞെടുപ്പ്. ബംഗാൾ നിയമസഭയിൽ ബിജെപിക്ക് ഭൂരിപക്ഷമുള്ളതിനാൽ കോയലിനെ അനായാസം വിജയിപ്പിക്കാൻ സാധിക്കും.