

ബംഗലുരൂ സ്ഫോടനക്കേസ്; വിചാരണ നാല് മാസം കൊണ്ട് പൂർത്തിയാക്കണം: സുപ്രീംകോടതി
ന്യൂഡൽഹി: ബംഗലുരൂ സ്ഫോടനക്കേസിൽ നാല് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. വിചാരണയ്ക്ക് ഒന്നരവർഷം ആവശ്യപ്പെട്ട എൻഐഎ പ്രത്യേക കോടതിയുടെ ആവശ്യം തള്ളി. ഇനി ഒരു കാരണവശാലും സമയം നീട്ടി നൽകില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ. കോടിശ്വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
2008 ജൂലായ് 25ന് ബാംഗ്ലൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 9 സ്ഫോടനങ്ങളാണ് നടന്നത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി അടക്കമുള്ള നേതാക്കളാണ് ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ 16 വർഷമായി ഈ കേസിന്‍റെ നിയമനടപടികൾ തുടർന്ന് വരികയാണ്. ബംഗലുരൂ പൊലീസും പീന്നിട് പ്രത്യേക അന്വേഷണസംഘവുമാണ് ഈ കേസ് അന്വേഷിച്ചത്. ലഷ്കർ-ഇ-തൊയ്ബ എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് വാദിക്കുന്നത്. കേസിൽ ആകെ 32 പ്രതികളാണ് ഉള്ളത്. ഇതിൽ ഒന്നാം പ്രതിയായ തടിയന്‍റവിട നസീർ നിലവിൽ ജയിലിലാണ്.