
സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെ എയർഇന്ത്യാ വിമാനം തിരിച്ചിറക്കി
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ഭാരം കുറയ്ക്കുന്നതിനായി എറെ നേരം ആകാശത്ത് വട്ടമിട്ട് പറന്നതിനു ശേഷം സുരക്ഷിതമായി വിമാനം നിലത്തിറക്കിയതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു.
യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും ആവശ്യമായ എല്ലാ പ്രോട്ടോക്കോളും പാലിച്ച ശേഷമാണ് ലാൻഡിങ് നടത്തിയതെന്നും എയർഇന്ത്യ അറിയിച്ചു. പറന്നുയർന്നതിനു പിന്നാലെ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതോടെ ബംഗളൂരുവിൽ തന്നെ വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.
യാത്ര തടസപ്പെട്ടതോടെ പാസഞ്ചേഴ്സിന് ബദൽ സംവിധാനം ഒരുക്കുമെന്നും സമയ നഷ്ടമുണ്ടായതിൽ ക്ഷമചോദിക്കുന്നതായും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വലിയ കാലതാമസമില്ലാതെ യാത്ര തുടരാൻ കഴിയുമെന്നും എയർലൈൻ ഒരു പകരം വിമാനം ക്രമീകരിച്ചിട്ടുണ്ടെന്നും വിമാന കമ്പനി അറിയിച്ചു.