ഒരു 'ബാഗ്' പ്രശ്നം; ഒടുവിൽ വിമാനം തകർക്കുമെന്നു വരെ ഭീഷണി! വനിതാ ഡോക്റ്റർക്കെതിരേ കേസ്

വനിതാ ഡോക്റ്ററുടെ പെരുമാറ്റം കാരണം യാത്ര 2 മണിക്കൂറിലധികം വൈകിയതായും റിപ്പോർട്ടുകൾ
Bengaluru Doctor Threatens To 'Crash' Air India Express Plane

ഒരു 'ബാഗ്' പ്രശ്നം; ഒടുവിൽ വിമാനം തകർക്കുമെന്നു വരെ ഭീഷണി!

representative image
Updated on

ബംഗളുരു: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർക്കുമെന്ന് ഭീഷണി മുഴക്കുകയും ക്യാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത വനിതാ ഡോക്റ്റർക്കെതിരേ കേസ്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബംഗളൂരുവിൽ നിന്ന് സൂറത്തിലേക്കുള്ള ഐഎക്സ് 2749 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. വനിതാ ഡോക്റ്ററുടെ പെരുമാറ്റം കാരണം യാത്ര രണ്ടു മണിക്കൂറിലധികം വൈകിയതായും റിപ്പോർട്ടുകൾ പറയുന്നു.

ബംഗളൂരു യെലഹങ്ക സ്വദേശിനിയായ ആയുർവേദ ഡോക്റ്റർ വ്യാസ് ഹിരൽ മോഹൻഭായ് (36) രണ്ട് ബാഗുകളുമായാണ് യാത്രക്കെത്തിയത്. ഇതിൽ ഒന്ന് തന്‍റെ 20എഫ് സീറ്റിനു മുകളിലുള്ള കാരിയറിൽ വച്ച ശേഷം രണ്ടാമത്തെ ബാഗ് ഇവർ ക്യാബിൻ ക്രൂ ജീവനക്കാരുടെ ക്യാബിന്‍റെ അടുത്ത് കൊണ്ടുവച്ചു. എന്നാൽ, ബാഗ് അവിടെ വയ്ക്കാനാവില്ലെന്നും സീറ്റിനു മുകളിലുള്ള കാരിയറിൽ തന്നെ വയ്ക്കണമെന്നും ജീവനക്കാർ പറഞ്ഞെങ്കിലും യുവതി സമ്മതിച്ചില്ല.

ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇവർ ജീവനക്കാരുടെ ക്യാബിന്‍റെ അടുത്ത് തന്നെ ബാഗ് വയ്ക്കണമെന്ന് നിർബന്ധം പിടിച്ചതോടെ ക്യാപ്റ്റനും യുവതിയെ സമീപിച്ച് ഇതേ ആവശ്യമുന്നയിച്ചു. തർക്കം തുടർന്നതോടെ യാത്രാക്കാരും പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ യുവതി എല്ലാവരെയും അസഭ്യം പറഞ്ഞു. തന്‍റെ ബാഗ് അവിടെ നിന്ന് നീക്കിയാൽ വിമാനം തകർക്കുമെന്ന് യുവതി ഭീഷണി മുഴക്കുകയും ചെയ്തു

പ്രശ്നം ഗുരുതരമായതോടെ പൈലറ്റും ജീവനക്കാരും വിവരം സുരക്ഷാ ഉദ്യോഗസ്ഥരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറിയിച്ചു. തുടർന്ന് ഇവരെ വിമാനത്തിൽ നിന്ന് പുറത്താക്കി എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. യുവതി അവിടെയുള്ള ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞതായാണ് വിവരം.

വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒ‍ഡീഷ സ്വദേശിയായ യുവതിയുടെ ഭർത്താവിനെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. യുവതി നേരത്തെയും ഇത്തരത്തിൽ പൊതുസ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അവർ ഇപ്പോൾ രോഗികളെ ചികിത്സിക്കാറില്ലെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.

യുവതിക്കെതിരേ ഭാരതീയ ന്യായസംഹിതയുടെ സെക്ഷൻ 351 (4) (അജ്ഞാത സന്ദേശത്തിലൂടെയുള്ള ക്രിമിനൽ ഭീഷണി), 353 (1) (ബി) (പൊതുജനങ്ങളെ അപമാനിക്കുന്ന പ്രസ്താവനകൾ), സിവിൽ ഏവിയേഷൻ സുരക്ഷാ നിയമത്തിലെ സെക്ഷൻ 3(1) (എ) (വിമാനത്തിൽ സഞ്ചരിക്കുന്ന ഒരാൾക്കെതിരെയുള്ള അക്രമം) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com