
"കോലിയുടെ വീഡിയോ പ്രധാന ഘടകം''; ബംഗളൂരു ദുരന്തത്തിൽ ആർസിബിയെ പഴിചാരി കർണാടക സർക്കാർ
file image
ബംഗളൂരു: ഐപിഎൽ കിരീട നേട്ടത്തിനു പിന്നാലെ ബംഗളൂരുവിൽ നടന്ന വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ റോയൽ ചലഞ്ചേഴ്സിനെ പഴിചാരി കർണാടക സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാർ അപകടത്തിന്‍റെ ഉത്തരവാദികൾ ആർസിബിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പൊലീസുമായി ആലോചിക്കുകയോ, അനുമതി തേടുകയോ ചെയ്യാതെ ആർസിബി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏകപക്ഷീയമായി ആളുകളെ ക്ഷണിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടിലെ പരാമർശം.
ആളുകൾക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൗജന്യ പ്രവേശനമുണ്ടെന്നും വിധാൻ സൗധയിൽ ആരംഭിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിലവസാനിക്കുന്ന വിക്‌ടറി പരേഡിൽ പങ്കെടുക്കാൻ പൊതു ജനങ്ങളെ ക്ഷണിക്കുന്നുവെന്നും ആർസിബി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. മാത്രമല്ല വിരാട് കോലിയുടെ വീഡിയോ അഭ്യർഥനയും ആളുകൾ തടിച്ചുകൂടാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് അനുമതിയില്ലാതിരുന്നിട്ടും പരിപാടിയുമായി ആര്‍സിബി മുന്നോട്ടുപോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് എന്ത് രഹസ്യ സ്വഭാവമാണ് ഉള്ളതെന്ന് ചോദിച്ച കോടതി സർക്കാരിന്‍റെ ആവശ്യം തള്ളുകയായിരുന്നു.
ആർസിബിയുടെ കന്നി ഐപിഎൽ കിരീട നേട്ടം ആഘോഷിക്കാൻ ജൂൺ നാലിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് പതിനൊന്നുപേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തത്.