ബംഗളൂരു: നഗരത്തിലെ ഫ്ലാറ്റിൽ യുവതിയുടെ മൃതദേഹം അമ്പതിലേറെ കഷണങ്ങളായി റഫ്രിജറേറ്ററിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്നു കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. പശ്ചിമ ബംഗാൾ സ്വദേശിയാണ് പ്രതിയെന്നും മന്ത്രി. ഇരുപത്തൊമ്പതുകാരി മഹാലക്ഷ്മിയാണ് വ്യാളികാവലിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്. ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഫ്ലാറ്റിൽ നിന്നു ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് അമ്മയും മൂത്ത സഹോദരിയുമെത്തി ഫ്ലാറ്റ് പരിശോധിച്ചപ്പോഴാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ ഒരു ബാർബർ ഷോപ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന ചോദ്യത്തിന് സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. ആരെങ്കിലും കുറ്റസമ്മതം നടത്തിയാൽ കസ്റ്റഡിയിലെടുടുക്കും. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ഒരാൾക്കെതിരേ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇയാളുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടായിരുന്നെന്നാണു പറയുന്നത്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്നും മന്ത്രി.