

പാകിസ്ഥാൻ നിയമവിരുദ്ധ ആണവ പ്രവർത്തനങ്ങൾ: വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച മാധ്യമങ്ങളെ കാണുന്നു.
Photo: Screenshot/PTI Video on X
ന്യൂഡൽഹി: നിയമവിരുദ്ധ ആണവ പ്രവർത്തനങ്ങൾ പാക്കിസ്ഥാന്‍റെ ചരിത്രവുമായി ഇഴപിരിഞ്ഞു കിടക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം. ഒരു മാധ്യമ സമ്മേളനത്തിലാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പാക്കിസ്ഥാന്‍റെ നിയമ വിരുദ്ധ ആണവ പ്രവർത്തനങ്ങളെ ശക്തമായി വിമർശിച്ചത്. കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ, രഹസ്യ പങ്കാളിത്തങ്ങൾ, എ.ക്യൂ. ഖാൻ ശൃംഖല തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പാക്കിസ്ഥാന്‍റെ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രഹസ്യവും നിയമവിരുദ്ധവുമായ പാക്കിസ്ഥാന്‍റെ ആണവ പ്രവർത്തനങ്ങൾ ഇവയുമായെല്ലാം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇന്ത്യ പാക്കിസ്ഥാന്‍റെ ഈ നിയമവിരുദ്ധ നടപടികളെ അന്താരാഷ്ട്ര സമൂഹത്തിന്‍റെ മുമ്പിൽ തുറന്നു കാട്ടിയിട്ടുണ്ട്.
നേരത്തെ സിബിഎസ് ന്യൂസിനു നൽകിയ ഒരു അഭിമുഖത്തിൽ റഷ്യയുടെയും ചൈനയുടെയും ആണവ പരീക്ഷണങ്ങളോടു താദാത്മ്യപ്പെടുത്തി കൊണ്ട് പാക്കിസ്ഥാനും ഉത്തരകൊറിയയും ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും അവർ അത് ഭൂമിക്കടിയിൽ വളരെ താഴെയാണ് പരീക്ഷിക്കുന്നതെന്നും ട്രംപ് പാക്കിസ്ഥാനെ ന്യായീകരിച്ചു പറഞ്ഞിരുന്നു. ഇതാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇപ്പോൾ ഇത്തരത്തിൽ ഒരു മാധ്യമസമ്മേളനം നടത്താനും പാക്കിസ്ഥാന്‍റെ നിയമവിരുദ്ധ ആണവ പരീക്ഷണത്തിനെതിരെ പ്രതികരിക്കാനും കാരണമായതിനു പിന്നിൽ.