ഡൽഹി സ്ഫോടനം: കാർ ഓടിച്ചത് ഉമർ തന്നെ

നവംബര്‍ 10ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ഡോ. ഉമര്‍ നബിയാണെന്നു ഫൊറന്‍സിക് തെളിവുകള്‍ സ്ഥിരീകരിച്ചു
ഡൽഹി സ്ഫോടനം: കാർ ഓടിച്ചത് ഉമർ തന്നെ | Dr Umar drove car in Delhi blast

ഡോ. ഉമർ നബി

Updated on

ന്യൂഡല്‍ഹി: നവംബര്‍ 10ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ഡോ. ഉമര്‍ നബിയാണെന്നു ഫൊറന്‍സിക് തെളിവുകള്‍ സ്ഥിരീകരിച്ചു. കാറിന്‍റെ ആക്‌സിലറേറ്ററിനു സമീപം കണ്ടെത്തിയ ഒരു മനുഷ്യ കാലിന്‍റെ കരിഞ്ഞ ഭാഗവും അവശിഷ്ടത്തിന് അരികില്‍ കിടന്ന ഒരു കറുത്ത സ്‌പോര്‍ട്‌സ് ഷൂവും ഫൊറന്‍സിക് തെളിവുകളില്‍ ഉള്‍പ്പെടുന്നു.

നവംബര്‍ 10ന് ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്‌ഫോടനത്തില്‍ 12 പേരാണു കൊല്ലപ്പെട്ടത്. 20 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഐ20 കാറിനുള്ളില്‍ വച്ചായിരുന്നു സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചത്.

സ്‌ഫോടനത്തില്‍ കാര്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. മുന്‍വശത്തെ ബോണറ്റിന്‍റെ ചില ഭാഗങ്ങളും ഒരു ടയറും ഗിയര്‍ ലിവറിന്‍റെ ഒരു ഭാഗവും മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. കാറില്‍ ഡ്രൈവറുടെ വശത്തു നിന്ന് ഒരു മനുഷ്യ കാലിന്‍റെ അടിഭാഗം ഫൊറന്‍സിക് സംഘങ്ങള്‍ കണ്ടെടുത്തു ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച എയിംസില്‍ നടത്തിയ പരിശോധനയില്‍ ഉമറിന്‍റെ അമ്മയുടെ സാമ്പിളുകള്‍ സ്‌ഫോടന സ്ഥലത്തുനിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ അവ പൊരുത്തപ്പെട്ടു. ഇതിലൂടെ ഉമറായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് കൃത്യമായി തെളിഞ്ഞിരിക്കുകയാണ്.

കൂടാതെ, കാറിനടുത്ത് നിന്ന് കണ്ടെത്തിയ ഒരു സ്‌പോര്‍ട്‌സ് ഷൂ, സ്‌ഫോടന ദിവസം ചെങ്കോട്ടയിലേക്കു ഉമര്‍ നടത്തിയ നീക്കങ്ങളെ ട്രാക്ക് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പാദരക്ഷകളുമായി പൊരുത്തപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്‌ഫോടന സ്ഥലത്ത് നിന്നും കണ്ടെടുത്ത വാഹനത്തിന്‍റെ അവശിഷ്ടങ്ങള്‍ 100 മീറ്ററിലധികം വിസ്തൃതിയില്‍ ചിതറിക്കിടക്കുകയായിരുന്നു. മനുഷ്യാവശിഷ്ടങ്ങള്‍ 150 മീറ്റര്‍ ചുറ്റളവിലും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. പൊലീസും ഫൊറന്‍സിക് സംഘങ്ങളും മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തകര്‍ന്ന നമ്പര്‍ പ്ലേറ്റ് കാറിന്‍റെ ഐഡന്റിറ്റി കൂടുതല്‍ സ്ഥിരീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഉമര്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്‍റെ കഷ്ണങ്ങള്‍, സ്ഥലത്തുനിന്ന് ലഭിച്ചതും സിസിടിവി ദൃശ്യങ്ങളില്‍ കാണപ്പെട്ട ഷർട്ടിന്‍റെ നിറവുമായി പൊരുത്തപ്പെടുന്നതുമാണ്.

കാർ ഉടമ അറസ്റ്റിൽ

ചെങ്കോട്ടയിലെ കാര്‍ ബോംബ് സ്‌ഫോടന കേസില്‍ നിര്‍ണായക വഴിത്തിരിവ്. 13 പേരുടെ മരണത്തിനും 25ഓളം പേര്‍ക്ക് പരുക്കേൽക്കാനും ഇടയാക്കിയ ഭീകരാക്രമണത്തിന് ചാവേര്‍ ഡോ. ഉമര്‍ നബിയുമായി ഗൂഢാലോചന നടത്തിയ അമീര്‍ റാഷിദ് അലിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ഇയാള്‍ ജമ്മു കശ്മീരിൽ പാംപോറിനു സമീപം സാംബൂറ സ്വദേശിയാണ്. ചാവേറായി മാറിയ ഡോ. ഉമറുമായി ഭീകരാക്രമണം നടത്താന്‍ അമീര്‍ റാഷിദ് അലി ഗൂഢാലോചന നടത്തിയതായി എന്‍ഐഎ വെളിപ്പെടുത്തി. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് അമീര്‍ ഡല്‍ഹിയിലെത്തിയത്.

പുല്‍വാമ ജില്ലയില്‍ താമസിക്കുന്നതും ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറുമായി ജോലി ചെയ്യുകയും ചെയ്യുന്ന ഉമര്‍ ഉന്‍ നബിയാണു കൊല്ലപ്പെട്ടതെന്ന് എന്‍ഐഎ ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഉമറിന്‍റെ മറ്റൊരു വാഹനവും ഭീകരവിരുദ്ധ ഏജന്‍സി പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ഇതുവരെ 73 സാക്ഷികളെ വിസ്തരിച്ചു.

ഡല്‍ഹി പൊലീസ്, ജമ്മു കശ്മീര്‍ പൊലീസ്, ഹരിയാന പൊലീസ്, യുപി പൊലീസ്, വിവിധ സഹോദര ഏജന്‍സികള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ഐഎ, അന്വേഷണം തുടരുകയാണ്. ബോംബാക്രമണത്തിന് പിന്നിലെ വലിയ ഗൂഢാലോചന കണ്ടെത്തുന്നതിനും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ തിരിച്ചറിയുന്നതിനുമായി നിരവധി വിവരങ്ങളാണു ശേഖരിക്കുന്നത്.

കണ്ടെടുത്തത് 9എംഎം വെടിയുണ്ടകള്‍

ചെങ്കോട്ട സ്‌ഫോടന സ്ഥലത്തിനു സമീപത്തുനിന്ന് കണ്ടെടുത്ത മൂന്ന് ബുള്ളറ്റ് കാട്ട്‌റിഡ്ജുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. നവംബര്‍ 10ന് പൊട്ടിത്തെറിച്ച ഐ20 കാറിനടുത്താണ് ഒരു ഒഴിഞ്ഞ ഷെല്ലും രണ്ട് ബുള്ളറ്റും കണ്ടെത്തിയത്.

പ്രത്യേക യൂണിറ്റുകള്‍ക്കോ അനുമതിയോടെ ചില വ്യക്തികള്‍ക്കുമാണ് സാധാരണയായി 9എംഎം ബുള്ളറ്റുകള്‍ നല്‍കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com