കറൻസിയിൽ ആദ്യമായി ഭാരതാംബ

ആർഎസ്എസ് ശതാബ്ദിയിൽ 100 രൂപ നാണയവും സ്റ്റാംപും പുറത്തിറക്കി മോദി.
Bharatamba for the first time on currency

കറൻസിയിൽ ആദ്യമായി ഭാരതാംബ

Updated on

ന്യൂഡൽഹി: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്‍റെ (ആർ‌എസ്‌എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാൽ സ്റ്റാംപും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഇതാദ്യമായാണ് ഭാരതാംബയുടെ ചിത്രമുള്ള നാണയം പുറത്തിറക്കുന്നത്.

കേന്ദ്ര സാംസ്കാരിക മന്ത്രാലയം മഹാനവമി ദിനമായ ബുധനാഴ്ച സംഘടിപ്പിച്ച ചടങ്ങിൽ പുറത്തിറക്കിയ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദ മുദ്രയിൽ സിംഹത്തോടു കൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. ആർഎസ്എസ് ഉപയോഗിക്കുന്ന രണ്ടു വാലുകളുള്ള കൊടിയാണ് കൈകളിൽ. പശ്ചാത്തലത്തിൽ അഖണ്ഡഭാരതമില്ല എന്നതും ശ്രദ്ധേയം. സ്വയംസേവകർ ഭാരതാംബയെ വണങ്ങുന്നതായി ചിത്രീകരിച്ചിട്ടുണ്ട്.

"രാഷ്‌ട്രായ സ്വാഹാ, ഇദം രാഷ്‌ട്രായ, ഇദം ന മമ'' (എല്ലാം രാഷ്‌ട്രത്തിനു സമർപ്പിച്ചിരിക്കുന്നു, എല്ലാം രാഷ്‌ട്രത്തിന്‍റേതാണ്, ഒന്നും എന്‍റേതല്ല) എന്ന ആർ‌എസ്‌എസ് ആപ്തവാക്യം നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

1963ലെ റിപ്പബ്ലിക് ദിന പരേഡിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ ക്ഷണപ്രകാരം സ്വയംസേവകർ പങ്കെടുത്തത് 5 രൂപയുടെ പ്രത്യേക തപാൽ സ്റ്റാംപിൽ ചിത്രീകരിച്ചിരിക്കുന്നു.

"സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭാരതാംബയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്നു. ഇത് അഭിമാനത്തിന്‍റെയും ചരിത്ര പ്രാധാന്യത്തിന്‍റെയും നിമിഷമാണ്. ഭാരതാംബയ്ക്കും ആർ‌എസ്‌എസിന്‍റെ ഒരു നൂറ്റാണ്ടു നീണ്ട സേവനത്തിന്‍റെയും സമർപ്പണബോധത്തിന്‍റെയും യാത്രയ്ക്കും നൽകുന്ന ആദരമാണ് ഈ നിമിഷം''- മോദി വിശേഷിപ്പിച്ചു.

കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആർ‌എസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, വിനയ് സഹസ്രബുദ്ധേ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com