പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്‍റെ വേദന തിരിച്ചറിഞ്ഞിട്ടുണ്ട് : രാഹുല്‍ ഗാന്ധി

പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്‍റെ വേദന തിരിച്ചറിഞ്ഞിട്ടുണ്ട് : രാഹുല്‍ ഗാന്ധി
Updated on

കാശ്മീർ: പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്‍റെ വേദന തിരിച്ചറിഞ്ഞവരാണു താനും പ്രിയങ്കയുമെന്നു രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ചു സംസാരിക്കുമ്പോഴാണ് പിതാവ് രാജീവ് ഗാന്ധി വധത്തെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ചത്. പുല്‍വാമ ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ശ്രീനഗറില്‍ കനത്ത മഞ്ഞു വീഴ്ച്ചയക്കിടെയായിരുന്നു സമാപനസമ്മേളനം.

കശ്മീരികളുടെ വേദന തനിക്കു മനസിലാവും. ഉറ്റവരുടെ മരണമറിയിക്കുന്ന സന്ദേശവുമായി വരുന്ന ഫോണ്‍ കോളുകള്‍ നല്‍കുന്ന ആഘാതവും വേദനയും അനുഭവിക്കുന്നവരാണ് കശ്മീരികള്‍. തന്‍റെ ജീവിതത്തിലും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്പോള്‍ സുരക്ഷാ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ ഹൃദയം നിറഞ്ഞു സ്‌നേഹിച്ചു. താന്‍ നടന്നതു പോലെ കശ്മീരിലൂടെ നടക്കാന്‍ ബിജെപി നേതാക്കള്‍ക്കു കഴിയില്ല. യാത്രയിലുടനീളം ജനങ്ങള്‍ തനിക്കൊപ്പമുണ്ടായിരുന്നെന്നും, നിരവധി മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നു പോകാനായി എന്നും രാഹുല്‍ ഓര്‍മിച്ചു. 

കശ്മീരിന്‍റെ പരമ്പരാഗത വസ്ത്രമണിഞ്ഞാണു രാഹുല്‍ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രിയങ്ക ഗാന്ധിയും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇരുപത്തിരണ്ടോളം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സമ്മേളനത്തില്‍ പങ്കാളികളായി. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com