
ന്യൂഡൽഹി: ഇന്ത്യ ഭരിക്കാൻ യുപി പിടിക്കണമെന്നൊരു രാഷ്‌ട്രീയ പഴമൊഴിയുണ്ട് രാജ്യത്ത്. ഉത്തർ പ്രദേശ് കൈവിട്ടതോടെയാണ് പാർലമെന്‍റിലും കോൺഗ്രസിന്‍റെ അടിത്തറയിളകിയത്. അടുത്ത തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ പരമാവധി സീറ്റ് നേടി പാർലമെന്‍റിൽ ആധിപത്യമുറപ്പിക്കാനുള്ള നീക്കത്തിലാണിപ്പോൾ പാർട്ടി. ഇതിന്‍റെ ഭാഗമായി ദേശീയ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ചില പ്രധാന നേതാക്കളെ സംസ്ഥാനത്തുനിന്ന് പാർലമെന്‍റിലേക്കു മത്സരിപ്പിക്കാൻ ആലോചന നടക്കുന്നു എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ഖാർഗെയെ യുപിയിലെ ദളിത് സംവരണ മണ്ഡലമായ ഇറ്റാവയിൽ മത്സരിപ്പിച്ചാൽ അടുത്ത മണ്ഡലങ്ങളിൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി സ്ഥാനാർഥികൾക്കും അതു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇന്ത്യ മുന്നണിയുടെ ഭാഗമാണ് എസ്‌പിയും.
നിലവിൽ രാജ്യസഭാംഗമായ ഖാർഗെയ്ക്ക് ഇതിനൊപ്പം കർണാടകയിലെ തന്‍റെ പഴയ മണ്ഡലമായ ഗുൽബർഗയിലും മത്സരിക്കാനാവും. ഇതിനു പുറമേ, സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പരമ്പരാഗത മണ്ഡലങ്ങളായ റായ് ബറേലിയും അമേഠിയും യുപിയിൽ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേഠിയിൽ പരാജയപ്പെട്ട രാഹുലിനെ കേരളത്തിലെ വയനാടിനൊപ്പം അവിടെ വീണ്ടും മത്സരിപ്പിക്കാനാണ് ശ്രമം. സോണിയ ഗാന്ധി ആരോഗ്യകാരണങ്ങളാൽ മത്സരിക്കാൻ വിസമ്മതിച്ചാൽ, റായ് ബറേലി പ്രിയങ്ക ഗാന്ധിക്കു നൽകും. സോണിയ റായ് ബറേലിയിൽ ഉണ്ടെങ്കിൽ, പ്രിയങ്കയെ പ്രയാഗ്‌രാജിലോ, വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായോ മത്സരിപ്പിക്കാനും ആലോചന നടക്കുന്നു.
ഖാർഗെ യുപിയിൽ മത്സരിച്ചാൽ സംസ്ഥാനത്തെ ദളിത് വിഭാഗങ്ങൾക്കിടയിൽ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമല്ലാത്ത സാഹചര്യത്തിൽ ആ നിലയ്ക്ക് ദളിത് സ്വാധീനം ഉറപ്പാക്കാൻ കഴിയില്ല.
അതേസമയം, ബഹുജൻ സമാജി പാർട്ടിയെയും സഖ്യത്തിൽ ചേർക്കാനാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു താത്പര്യം. വിട്ടുവീഴ്ചയില്ലാതെ നിൽക്കുന്നത് മായാവതിയാണ്. അവരെ അനുനയിപ്പിക്കാൻ അനൗപചാരിക ശ്രമങ്ങൾ നടക്കുന്നുമുണ്ട്. മായാവതി ഉണ്ടെങ്കിൽപ്പോലും ഖാർഗെ യുപിയിൽ മത്സരിക്കണമെന്നു തന്നെയാണ് പാർട്ടി സംസ്ഥാന നേതാക്കൾ ആഗ്രഹിക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ കേരളത്തിലുണ്ടായ പ്രഭാവം ഉദാഹരണമായി അവർക്കു മുന്നിലുണ്ട്.