
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും.
File
ഇന്ത്യയോടുള്ള ബന്ധം സവിശേഷമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതോടെ, ദിവസങ്ങളായി ഉലഞ്ഞുനിന്നിരുന്ന ബന്ധം ഊഷ്മളമായേക്കുമെന്ന പ്രതീക്ഷ ഉയരുന്നു.
വാഷിങ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഉടലെടുത്ത രൂക്ഷമായ ഭിന്നതയ്ക്കിടെ മഞ്ഞുരുക്കാൻ ശ്രമവുമായി യുഎസും ഇന്ത്യയും. ഇന്ത്യയോടുള്ള ബന്ധം സവിശേഷമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതോടെയാണു ദിവസങ്ങളായി ഉലഞ്ഞുനിന്നിരുന്ന ബന്ധം ഊഷ്മളമായേക്കുമെന്ന പ്രതീക്ഷ ഉയരുന്നത്.
ഇന്ത്യ-യുഎസ് ബന്ധം ഇപ്പോഴും സവിശേഷമായി തുടരുന്നുവെന്നുംമോദിയുമായി ശക്തമായ വ്യക്തിബന്ധം തുടരുന്നുണ്ടെന്നുമായിരുന്നു വെള്ളിയാഴ്ച ഓവല്‍ ഓഫിസിൽ മാധ്യമങ്ങളോടു ട്രംപിന്‍റെ പ്രസ്താവന. ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുമായി അടുക്കുകയാണെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ഇന്ത്യയെയും മോദിയെയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പ്രസ്താവന നടത്തിയത്.
""മോദിയുമായി എനിക്ക് എപ്പോഴും സൗഹൃദമുണ്ടാകും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മികച്ച നേതാവാണ്. പക്ഷേ, ഇപ്പോൾ അദ്ദേഹം സ്വീകരിക്കുന്ന നടപടികൾ എനിക്കിഷ്ടമല്ല. എങ്കിൽപ്പോലും ഇന്ത്യയും അമെരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് മോദി ഇവിടെ ഉണ്ടായിരുന്നു, ഞങ്ങള്‍ റോസ് ഗാര്‍ഡനില്‍ പോയി ഒരു പത്രസമ്മേളനം നടത്തി''- കഴിഞ്ഞ ഫെബ്രുവരിയില്‍ മോദിയുമായി നടന്ന കൂടിക്കാഴ്ചയെ പരാമര്‍ശിച്ചുട്രംപ് പറഞ്ഞു.
"പ്രസിഡന്‍റ് ട്രംപിന്‍റെ നല്ല വാക്കുകളെയും ഇന്ത്യയുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ക്രിയാത്മകമായ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നെ'ന്നായിരുന്നു ഇതിനു സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം. അമെരിക്കയുമായുള്ള ഇന്ത്യയുടെ സൗഹൃദത്തിന് പ്രധാനമന്ത്രി മോദി 'വലിയ പ്രാധാന്യം' നല്‍കുന്നുണ്ടെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ 17നാണ് മോദിയും ട്രംപും അവസാനമായി സംസാരിച്ചത്. അന്ന് ഇരുവരും ഫോണിലായിരുന്നു ബന്ധപ്പെട്ടത്. പിന്നീട് ഇരുവരും തമ്മില്‍ അകല്‍ച്ച രൂപപ്പെട്ടു. മേയ് മാസത്തില്‍ നടന്ന ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതിന്‍റെ അവകാശവാദം ഉന്നയിച്ച് ട്രംപ് രംഗത്തുവന്നതും ഇന്ത്യ ഇതു തള്ളിക്കളഞ്ഞതുമൊക്കെ അകല്‍ച്ചയുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിനിടെ നാലു തവണ ട്രംപിന്‍റെ ഫോണ്‍ കോള്‍ സ്വീകരിക്കാന്‍ മോദി വിസമ്മതിച്ചുവെന്നും വിദേശ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
വൈറ്റ് ഹൗസ് വ്യാപാര വക്താവ് പീറ്റർ നവാരോ ഉൾപ്പെടെ ട്രംപ് ഭരണകൂടത്തിലെ പ്രമുഖർ ഇന്ത്യയ്ക്കെതിരേ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കെയാണ് പരസ്പരമുള്ള നല്ലവാക്കുകൾ. ഇന്ത്യയിലെ എണ്ണ ലോബി, റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രവും എണ്ണപ്പണം വെളുപ്പിക്കൽ കേന്ദ്രവുമായി ആ രാജ്യത്തെ മാറ്റിയെന്നായിരുന്നു നവാരോയുടെ ആരോപണം. എന്നാൽ, തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനയെന്ന് ഇന്ത്യ തിരിച്ചടിച്ചിരുന്നു.