
ഭുജ്: രാജ്യത്തെ തെക്കും വടക്കുമായി വിഭജിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആർഎസ്എസ്. ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും വ്യത്യസ്തമെന്നു ചിലർ പറഞ്ഞുനടക്കുന്നു. രാഷ്‌ട്രീയ, ബൗദ്ധിക തലങ്ങളിൽ ഒരു വിഭാഗം ദക്ഷിണേന്ത്യയെ ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റാനുള്ള ഗൂഢാലോചന നടത്തുന്നുണ്ട്. ദ്രാവിഡരും അവരുടെ ഭാഷയും വ്യത്യസ്തമാണെന്നാണ് ഇവരുടെ ഭാഷ്യം. രാജ്യത്തെ ദുർബലപ്പെടുത്താനാണ് ഇവരുടെ ശ്രമം. ജനങ്ങൾ ഒറ്റക്കെട്ടായി ഈ നീക്കത്തെ എതിർക്കുകയും ഇത്തരക്കാരുടെ പരാജയം ഉറപ്പാക്കുകയും ചെയ്യണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ ആഹ്വാനം ചെയ്തു.
ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഭുജിൽ മൂന്നു ദിവസത്തെ ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഹൊസബാളെ.
ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമെന്നു പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും ഹൊസബാളെ വ്യക്തമാക്കി. ഇന്ത്യ എക്കാലവും ഹിന്ദുരാഷ്‌ട്രമായിരുന്നു. ഇനിയുമങ്ങനെയായിരിക്കും. ഭരണഘടന പറയുന്നത് ഒരു രാഷ്‌ട്ര സംവിധാനത്തെക്കുറിച്ചാണ്. അത് വ്യത്യസ്തമാണ്. എന്നാൽ, രാഷ്‌ട്രമെന്ന നിലയിൽ ഇന്ത്യ പണ്ടും ഇപ്പോഴും ഹിന്ദുരാഷ്‌ട്രമായിരുന്നു. അങ്ങനെ തന്നെ തുടരും- ഇന്ത്യ എന്നാണു ഹിന്ദുരാഷ്‌ട്രമാകുന്നത് എന്ന ചോദ്യത്തിന് ഉത്തരമായി ഹൊസബാളെ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിനു മുന്നോടിയായി ജനുവരി ഒന്നു മുതൽ 15 വരെ ആർഎസ്എസ് രാജ്യത്ത് വീടുകയറി പ്രചാരണം നടത്തും. ക്ഷേത്രം ഉദ്ഘാടനച്ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കും. ലവ് ജിഹാദ്, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തെന്നു ഹൊസബാളെ.