
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി). സ്ഥാനമൊഴിയുന്ന ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും യഥാക്രമം താരാപൂരിൽ നിന്നും ലഖിസാരായിയിൽ നിന്നും നിയമസഭാ മണ്ഡലങ്ങളിൽ നിന്നും മത്സരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന 101 സീറ്റുകളിൽ 71 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ബീഹാർ മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് മന്ത്രി രേണു ദേവി ബെട്ടിയയിൽ നിന്ന് മത്സരിക്കും. മുതിർന്ന ബിജെപി നേതാവ് രാം കൃപാൽ യാദവ് ദനാപൂരിൽ നിന്നും മുൻ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ് കതിഹാറിൽ നിന്നും മത്സരിക്കും. പ്രേം കുമാർ ഗയയിൽ നിന്നും, അലോക് രഞ്ജൻ ഝാ സഹർസയിൽ നിന്നും, മംഗൾ പാണ്ഡെ സിവാനിൽ നിന്നുമാവും മത്സരിക്കുക.
243 സീറ്റുകളുള്ള ബിഹാർ നിയമസഭയിലേക്ക് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം നവംബർ 14 ന് പ്രഖ്യാപിക്കും. ഞായറാഴ്ചാണ് എൻഡിഎ സീറ്റി വിഭജനം പൂർത്തിയായത്. ജനതാദൾ (യുണൈറ്റഡ്) അല്ലെങ്കിൽ ജെഡിയു -101, ബിജെപി -101, എൽജെപി-29, രാഷ്ട്രീയ ലോക് മോർച്ച - 6, ഹിന്ദുസ്ഥാനി അവാം പാർട്ടി (S) - 6 എന്നിങ്ങനെയാണ് എൻഡിഎയുടെ സീറ്റ് വിഭജനം.