

ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, തേജസ്വി യാദവ് വോട്ട് ചെയ്ത ശേഷം.
പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ കനത്ത പോളിങ്. ഇന്നലെ വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്ക്പ്രകാരം 60.13 ശതമാനം പേര്‍ വോട്ട് ചെയ്തു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ ചില മണ്ഡലങ്ങളില്‍ സുരക്ഷാ കാരണങ്ങളാല്‍ വൈകുന്നേരം അഞ്ച് വരെയായിരുന്നു പോളിങ്. അന്തിമ കണക്ക് പുറത്തുവരുമ്പോള്‍ പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കും.
ആകെ 243 മണ്ഡലങ്ങളുള്ള ബിഹാറില്‍ ഇന്നലെ 121 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. 67.32 ശതമാനത്തോടെ ബെഗുസരായ് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. സമസ്തിപൂരില്‍ (66.65%), മധേപുരയില്‍ (65.74) വോട്ട് രേഖപ്പെടുത്തി.
2020നായിരുന്നു ഇതിനു മുമ്പ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ഒന്നാം ഘട്ടത്തില്‍ 55.68 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.
ഇപ്രാവശ്യം ബിഹാറിലെ ഭൂരിപക്ഷം വോട്ടര്‍മാരും യുവാക്കളായിരുന്നു. ഈയൊരു പ്രത്യേകതയുള്ളതിനാല്‍ പ്രമുഖ പാര്‍ട്ടികളുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം തൊഴില്‍ നല്‍കുമെന്നായിരുന്നു. ആര്‍ജെഡി നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ സഖ്യം തേജസ്വി യാദവിനെയാണു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ചത്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ആര്‍ജെഡി നേതാക്കളായ ലാലു യാദവ്, തേജസ്വി യാദവ്, എല്‍ജെപി നേതാക്കളായ ചിരാഗ് പാസ്വാന്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. പ്രശാന്ത് കിഷോറിന്‍റെ ജന്‍ സുരാജ് പാര്‍ട്ടി ആദ്യമായി ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ബിഹാറിലെ 18 ജില്ലകളിലായി 121 മണ്ഡലങ്ങളില്‍ 1314 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. മൊത്തം 3.75 കോടി വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുണ്ടായിരുന്നത്. രണ്ടാം ഘട്ട പോളിങ് നടക്കുന്നത് 11നാണ്. ഫല പ്രഖ്യാപനം 14നാണ്.