

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
പറ്റ്ന: വകുപ്പു വിഭജനത്തിൽ ബിജെപിയുടെ സമ്മർദത്തിനു വഴങ്ങിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ആഭ്യന്തരം കൈവിട്ടു. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്‍റെ ചുമതല. ആഭ്യന്തരത്തെച്ചൊല്ലി നിതീഷും ബിജെപി നേതൃത്വവുമായി ഭിന്നതയുണ്ടെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ, സഖ്യത്തിലെ വലിയ കക്ഷിയെന്ന നിലയിൽ കൂടുതൽ മന്ത്രിസ്ഥാനങ്ങളും മെച്ചപ്പെട്ട വകുപ്പും സ്വന്തമാക്കാനുള്ള ബിജെപിയുടെ സമ്മർദം വിജയിച്ചെന്നു തെളിയിക്കുന്നതാണു ബിഹാറിലെ വകുപ്പുവിഭജനം. ബിഹാറിലെ ക്രമസമാധാനം മെച്ചപ്പെടുത്തുമെന്നു തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
യുപിയിലെ ബുൾഡോസർ പ്രയോഗമടക്കം ഇനി ബിഹാറിലുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. സീമാഞ്ചൽ മേഖലയിലെ അനധികൃത കുടിയേറ്റത്തിനെതിരേ കടുത്ത നടപടികൾ സ്വീകരിക്കാൻ കൂടിയാണ് ആഭ്യന്തര വകുപ്പ് ബിജെപി ഏറ്റെടുത്തതെന്നാണു കരുതുന്നത്.
രണ്ടാമത്തെ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയ്ക്ക് ലാൻഡ് റവന്യൂ വകുപ്പാണു ലഭിച്ചത്. മംഗൾ പാണ്ഡെ ആരോഗ്യവകുപ്പും ദിലീപ് ജയ്സ്വാൾ വ്യവസായ വകുപ്പും കൈകാര്യം ചെയ്യും. രാംകൃപാൽ യാദവാണു കൃഷിമന്ത്രി.