

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ രാഷ്ട്രീയ നയതന്ത്രത്തിന്‍റെ ശരമൊടുങ്ങാത്ത ആവനാഴി പുറത്തെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സീറ്റ് വിഭജനമെന്ന ചക്രവ്യൂഹം ഭേദിച്ച് നിർണായക ഇടപെടലാണ് കെ.സി. വേണുഗോപാൽ നടത്തിയത്.
ഇടതടവില്ലാതെ രാഷ്ട്രീയ ചർച്ചകൾ നടത്തിയും നേതൃത്വം നൽകിയുമാണ് വേണുഗോപാൽ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മഹാസഖ്യത്തിന്‍റെ ഐക്യം ദുര്‍ബലമാകുന്നത് തടയിട്ടത്. 12 സീറ്റുകളിലെ "സൗഹൃദ മത്സരം' ഒഴിവാക്കി. തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം നവംബര്‍ 6-നും രണ്ടാംഘട്ടം നവംബര്‍ 11-നും നടക്കും.
ഡല്‍ഹിയില്‍ തേജസ്വി യാദവുമായി നടന്ന യോഗത്തില്‍ കെ.സി. വേണുഗോപാലാണ് നേതൃത്വം നല്‍കിയത്. സീറ്റ് ധാരണയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു. യോഗത്തിന് ശേഷം തേജസ്വി യാദവ് പ്രതിഷേധിച്ച് പോയെങ്കിലും, കെസിയുടെ തുടര്‍ചര്‍ച്ചകള്‍ ഫലം കണ്ടു. പ്രത്യേകിച്ച് കോണ്‍ഗ്രസിന്‍റെ പരമ്പരാഗത സീറ്റുകളില്‍ മത്സരിക്കുമെന്നായിരുന്നു ആര്‍ജെഡിയുടെ നിലപാട്. വേണുഗോപാലിന്‍റെ ഇടപെടലിലൂടെ, ആര്‍ജെഡി 143 സീറ്റുകളും കോണ്‍ഗ്രസ് 61 സീറ്റുകളും എന്ന ധാരണയിലെത്തി.
ബാക്കി സീറ്റുകള്‍ ഇടതുപക്ഷത്തിനും മറ്റു പാര്‍ട്ടികള്‍ക്കും നല്‍കും. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയാണ് പട്‌നയിലേക്ക് കെസി അയച്ചത്. ഒക്റ്റോബര്‍ 22-ന് ഗെഹ്ലോട്ട് ലാലു പ്രസാദ് യാദവ്, റബ്രി ദേവി, തേജസ്വി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മഹാസഖ്യവും എന്‍ഡിഎ (ബിജെപി-ജെഡിയു-എല്‍ജെപി)യും തമ്മിലുള്ള പോരാട്ടം കടുത്തതാകുമെന്നാണ് കണക്കുകൂട്ടല്‍. സീറ്റ് തര്‍ക്കം ആയാസരഹിതമായി പരിഹരിച്ചത് മഹാസഖ്യത്തിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കരുത്തേകും.
എന്‍ഡിഎയുടെ വിമര്‍ശനങ്ങള്‍ക്കിടയില്‍ മഹാസഖ്യത്തിന്‍റെ ഐക്യം നിലനിര്‍ത്തി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാന്‍ കെസി വേണുഗോപാലിന് സാധിച്ചു. നിര്‍ണായക തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിലെ "നയതന്ത്രജ്ഞനായ' കെസിയുടെ ഇടപെടലുകള്‍ വിജയപ്രതീക്ഷയാണുയർത്തുന്നത്.