നിതീഷ് കുമാർ, തേജസ്വി യാദവ്
ന്യൂഡൽഹി: ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ 6, നവംബർ 11 തീയതികളിൽ നടത്തും. വോട്ടെണ്ണലും ഫല പ്രഖ്യാപനവും നവംബർ 14ന്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബർ 22ന് അവസാനിക്കും. 2020ൽ മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന സ്ഥാനത്ത് ഇത്തവണ രണ്ട് ഘട്ടമായി ചുരുക്കുകയായിരുന്നു.
ഒന്നാം ഘട്ടം: 121 മണ്ഡലങ്ങൾ - നവംബർ 6
രണ്ടാം ഘട്ടം: 122 മണ്ഡലങ്ങൾ - നവംബർ 11
വോട്ടെണ്ണൽ: 243 മണ്ഡലങ്ങൾ - നവംബർ 14
ഭരണകക്ഷിയായ എൻഡിഎ സഖ്യവും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും തമ്മിലാണ് ഇത്തവണ ബിഹാറിൽ പ്രധാന പോരാട്ടം. എൻഡിഎ മുന്നണിയിൽ ബിജെപി, ജെഡിയു, ചിരാഗ് പാസ്വാന്‍റെ എൽജെപി, തുടങ്ങിയ പാർട്ടികൾ ഉൾപ്പെടുന്നു. കോൺഗ്രസും ആർജെഡിയും ഇടതു പാർട്ടികളുമാണ് സംസ്ഥാനത്തെ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുന്നത്.
7.42 കോടിയിലധികം പേർക്കാണ് ബിഹാറിൽ വോട്ടവകാശമുള്ളത്. ഇതിൽ 14 ലക്ഷത്തോളം പേർ കന്നിവോട്ടർമാരാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ നിരവധി പുതിയ പരിഷ്കാരങ്ങൾ കമ്മിഷൻ പ്രഖ്യാപിച്ചു:
വെബ്കാസ്റ്റിങ്: ഇത്തവണ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തും.
കളർ ഫോട്ടോ: ഇവിഎം ബാലറ്റ് പേപ്പറുകളിൽ സ്ഥാനാർഥികളുടെ വർണചിത്രങ്ങൾ ഉപയോഗിക്കും.
മൊബൈൽ കൗണ്ടറുകൾ: വോട്ടർമാർക്ക് പോളിങ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സുരക്ഷിതമായി സൂക്ഷിക്കാൻ കൗണ്ടറുകൾ.
വീട്ടിലും വോട്ടിങ്: 85 വയസുനു മുകളിൽ പ്രായമുള്ള വോട്ടർമാർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം.