

നിതീഷ് കുമാർ
പറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച രാവിലെ 11ന് ഗാന്ധി മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ 22 മന്ത്രിമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്തേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഇതു പത്താംതവണയാണു നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. ഇത്തവണ അഞ്ചു വർഷം തികച്ചാൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി തുടർന്നതിന്‍റെ റെക്കോഡും നിതീഷിനാകും.
എൻഡിഎ നിയമസഭാ കക്ഷി യോഗം നിതീഷിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടർന്നു രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് കൈമാറി. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ, കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ, ആർഎൽഎം നേതാവ് ഉപേന്ദ്ര കുശ്‌വാഹ, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർക്കൊപ്പമാണു നിതീഷ് ഗവർണറെ കണ്ടത്.
സ്ഥാനമൊഴിഞ്ഞ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിമാരും ബിജെപി നേതാക്കളുമായ സമ്രാട്ട് ചൗധരി, വിജയ് സിൻഹ, മുൻ ഉപമുഖ്യമന്ത്രി രേണു ദേവി എന്നിവർ പുതിയ മന്ത്രിസഭയിലുമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനം നിതീഷിനെങ്കിലും കൂടുതൽ മന്ത്രിസ്ഥാനങ്ങൾ ബിജെപിക്കു ലഭിക്കുമെന്നാണു കരുതുന്നത്. മുതിർന്ന ബിജെപി നേതാവ് പ്രേംകുമാറിനെയാണ് സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ പദവി ജെഡിയുവിന് ലഭിക്കും. മുൻ സർക്കാരിലെ മുഴുവൻ മന്ത്രിമാരെയും ജെഡിയു നിലനിർത്താനാണു സാധ്യത. ബിജെപി പുതുമുഖങ്ങൾക്ക് അവസരം നൽകും. ഘടകകക്ഷികളായ എൽജെപി (റാംവിലാസ്) എച്ച്എഎം, ആർഎൽഎം എന്നിവയ്ക്കും മന്ത്രിസഭാ പ്രാതിനിധ്യം ലഭിക്കും.