ബിൽക്കിസ് ബാനുവിന് നീതി; കൂട്ടബലാത്സംഗ കേസിൽ 11 കുറ്റവാളികളെ മോചിപ്പിച്ച വിധി സുപ്രീംകോടതി റദ്ദാക്കി

ഗുജറാത്ത് സർക്കാരിന് തിരിച്ചടി
bilkis bano case all 11 accused to return to jail sc verdict
bilkis bano case all 11 accused to return to jail sc verdict

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. കേസിൽ ശിക്ഷിക്കപ്പെട്ടവരെ ​വിട്ടയച്ച വിധി സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാരിനായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ കേസിൽ 11 പ്രതികളും വീണ്ടും ജയിലിലാകും. പ്രതികളോട് രണ്ടാഴ്ച്ചയ്ക്കകം കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തിൽപ്പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നു. 2022 ലെ മുൻ സുപ്രീംകോടതി വിധി അസാധുവാണെന്ന് കോടതി പറഞ്ഞു. പ്രതികൾ സുപ്രീം കോടതിയിൽ നിന്ന് നേരത്തെ അനുകൂല വിധി നേടിയത് തട്ടിപ്പിലൂടെയാണ്. യഥാർഥ വിവരങ്ങൾ മറച്ചുവച്ചാണ് വിധി നേടിയത്. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും കോടതി വ്യക്തമാക്കി.

ഗുജറാത്ത് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. മഹാരാഷ്ട്ര സർക്കാരിൻ്റെ അധികാരത്തെ ഗുജറാത്ത് സർക്കാർ മറികടന്നു. നിയമം അനുസരിച്ച് എടുക്കേണ്ട തീരുമാനം അല്ല ഗുജറാത്ത് സർക്കാരിൽ നിന്ന് ഉണ്ടായതെന്നും സുപ്രീം കോടതിയിൽ എന്തു കൊണ്ട് ഗുജറാത്ത് പുനഃപരിശോധനാ ഹർജി നൽകിയില്ലെന്നും കോടതി ചോദിച്ചു.

2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ, ശിക്ഷിക്കപ്പെട്ട പ്രതികളെ സ്വാതന്ത്ര്യത്തിന്‍റെ 75 മത് വാര്‍ഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്‍റെ പേരിൽ 2022, ഓഗസ്റ്റ് 15 ജയില്‍ മോചിതരാക്കി.

കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും അടക്കം സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറഞ്ഞത്. കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Trending

No stories found.

Latest News

No stories found.