പക്ഷിപ്പനി; ചെന്നൈ മൃഗശാല രണ്ട് ദിവസത്തേക്ക് അടച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ആണ് ജലപക്ഷികളിൽ എച്ച്5എൻ1 ഏവിയൻ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്
Bird flu: Chennai zoo closed for two days

പക്ഷിപ്പനി; ചെന്നൈ മൃഗശാല രണ്ട് ദിവസത്തേക്ക് അടച്ചു

Updated on: 

ചെന്നൈ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈയിലെ വണ്ടലൂർ മൃഗശാല രണ്ട് ദിവസത്തേക്ക് അടച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ സന്ദർശകരെ പ്രവേശിപ്പിക്കില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ആണ് ജലപക്ഷികളിൽ എച്ച്5എൻ1 ഏവിയൻ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്.

ഒക്റ്റോബർ 21നാണ് പക്ഷികളിൽ രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇതിന്‍റെ പശ്ചാത്തലത്തിൽ അണുനശീകരണം, ശുചീകരണം, ജൈവസുരക്ഷാ നടപടികൾ എന്നിവ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമാണ് താൽക്കാലികമായി മൃഗശാല അടച്ചിടുന്നതെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

ഒക്റ്റോബർ മൂന്ന് മുതൽ ഒൻപത് വരെ മൃഗശാലയിലെ പക്ഷി സങ്കേതത്തിൽ ഏഴ് ജലപക്ഷികൾ ചത്തിരുന്നു. നാല് പെയിന്‍റഡ് സ്റ്റോർക്കുകൾ, ഒരു ഗ്രേ പെലിക്കൻ, ഒരു ഗ്രേ ഹെറോൺ, ഒരു ഓറിയന്‍റൽ ഡാർട്ടർ എന്നിവയാണ് ചത്തത്. ഇവയുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് എച്ച്5എൻ1 രോഗബാധ സ്ഥിരീകരിച്ചത്.

ആദ്യ പക്ഷി ചത്തതിനു പിന്നാലെ പ്രദേശം നിയന്ത്രണത്തിലാക്കിയിരുന്നു. ശേഷിക്കുന്ന പക്ഷികളുടെയും മറ്റ് മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജൈവസുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com