മാലിന‍്യക്കൂമ്പാരത്തിൽ മുങ്ങിയ അജ്നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കിയ 21കാരന് വിദേശ കമ്പനിയിൽ ജോലി

ഡച്ച് ആസ്ഥാനമായുള്ള ആഗോള സംഘടനയായ ദി ഓഷ‍്യൻ ക്ലീനപ്പാണ് ബിട്ടുവിന് തൊഴിൽ വാഗ്ദാനം ചെയ്തത്
bittu tabahi waste river cleaned dutch job offer

ബിട്ടു തബാഹി

Updated on

ഭോപ്പാൽ: മധ‍്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് സമൂഹമാധ‍്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയ ബിട്ടു തബാഹിയെന്ന സുരേന്ദ്ര സിങ് ചൗധരിക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് ഡച്ച് ആസ്ഥാനമായുള്ള ആഗോള സംഘടനയായ ദി ഓഷ‍്യൻ ക്ലീനപ്പ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ബിട്ടു തനിക്ക് ജോലി ലഭിച്ച കാര‍്യം അറിയിച്ചത്.

തനിക്ക് വളരെയധികം പിന്തുണ ലഭിച്ചെന്നും ഇനി മറ്റു സംസ്ഥാനങ്ങളിലെ ജലാശയങ്ങൾ വൃത്തിയാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഏത് സംസ്ഥാനത്തിലേക്കാണ് താൻ അടുത്തതായി വരേണ്ടതെന്നും ബിട്ടു ചോദിച്ചു.

വിഡിയോ പുറത്തുവന്നതോടെ ഝാർഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് വരണമെന്ന ആവശ‍്യവുമായി നിരവധി പേരാണ് കമന്‍റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ബിട്ടുവിനെയോർത്ത് അഭിമാനമുണ്ടെന്നും തങ്ങൾ സ്വപ്നം കണ്ട കാര‍്യം ബിട്ടു നേടിയിരിക്കുന്നുവെന്നും കമന്‍റുകളുണ്ട്.

രണ്ടാം വർഷ ബിരുദ വിദ‍്യാർഥിയായ ബിട്ടു അജ്നാർ നദി പ്ലാസ്റ്റിക്കും ചെളിയും നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലെത്തിയപ്പോഴാണ് യാതൊരു സർക്കാർ സഹായവും തേടാതെ തന്‍റെ സുഹൃത്തുക്കളെയും കൂട്ടി ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഈ ദൗത‍്യത്തിന് ഇറങ്ങി തിരിച്ചത്.

എന്നാൽ നദിയിലെ ചെളിയും ദുർഗന്ധവും കാരണം കൂട്ടുകാർ പിന്മാറുകയായിരുന്നു. എന്നാൽ പിന്മാറാൻ ഒരുക്കമല്ലാതിരുന്ന ബിട്ടു അടിസ്ഥാനപരമായ ഉപകരണങ്ങളുടെ സഹായത്തോടെയും കൃത‍്യമായ സുരക്ഷയില്ലാതെയും നീന്തൽ പോലും അറിയാതെയും നദിയിൽ നിന്നും ടൺ കണക്കിന് മാലിന‍്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com