EP Jayarajan| Prakash Javadekar
EP Jayarajan| Prakash Javadekar

ഇപി-ജാവദേക്കർ കൂടിക്കാഴ്ച വിവാദം; ബിജെപിയിലും അതൃപ്തി

ഓപ്പറേഷൻ ലോട്ടസിനുള്ള ശ്രമം കേരളത്തിലും തുടങ്ങിയിട്ട് നാളേറെയായെങ്കിലും അതിൽ ഏറ്റവും വിവാദമായത് ഇപി- ജാവദേക്കർ കൂടിക്കാഴ്ചയാണ്

തിരുവനന്തപുരം: ജാവദേക്കർ- ഇപി കൂടിക്കാഴ്ച വിവാദം ശക്തമായതോടെ ബിജെപിയിലും അമർഷം. മറ്റ് പാർട്ടിയിലെ നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ പുറത്തുവരുന്നതിലാണ് ബിജെപിയിലെ ഒരു വിഭാഗത്തിന് അതൃപ്തി. പ്രമുഖരായ ആളുകളെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ പുറത്തുവരുന്നതിൽ പാർട്ടിക്ക് ക്ഷീണമുണ്ടെന്നാണ് ഒരു വിഭാ​ഗം പറയുന്നത്.

ഓപ്പറേഷൻ ലോട്ടസിനുള്ള ശ്രമം കേരളത്തിലും തുടങ്ങിയിട്ട് നാളേറെയായെങ്കിലും അതിൽ ഏറ്റവും വിവാദമായത് ഇപി- ജാവദേക്കർ കൂടിക്കാഴ്ചയാണ്. അനിൽ ആന്‍റണി, പത്മജ വേണുഗോപാൽ എന്നിവർ പാർട്ടിയിലെക്കെത്തിയെങ്കിലും ഇത്തരമൊരു വിവാദത്തിന് അത് വഴി തെളിഞ്ഞിരുന്നില്ല. ഈ വെളിപ്പെടുത്തലുകൊണ്ട് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയെങ്കിലും ആളെയെത്തിക്കാൻ സമിതി, വൻതുക ചോദിച്ച് ഇടനിലക്കാർ തുടങ്ങിയ വിവരങ്ങൾ പാർട്ടിക്ക് നേട്ടമല്ല രോഷമാണ് ഉണ്ടാക്കിയതെന്നാണ് ഒരു വിഭാഗത്തിന്‍റെ വിമർശനം. ചർച്ച നടത്തിയവർ തന്നെ എല്ലാം തുറന്നുപറയുന്നതിലെ വിശ്യാസ്യതാ പ്രശ്നവും ഇവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കേരളത്തിൽ എതി‍ർ ചേരിയിലെ പ്രമുഖർ വരാൻ തയ്യാറായെന്ന വിവരം നല്ല മാറ്റത്തിന്റെ സൂചനയല്ലേ എന്നാണ് നേതൃത്വത്തിന്‍റെ നിലപാട്