'സമ്പത്ത് പുനർവിതരണം' കോൺഗ്രസിനെതിരേ ആയുധമാക്കാൻ ബിജെപി

പാരമ്പര്യ സ്വത്ത് നികുതിയെക്കുറിച്ചു ചർച്ച വേണമെന്ന സാം പിത്രോദയുടെ പ്രസ്താവനയാണ് ബിജെപി ആയുധമാക്കിയിരിക്കുന്നത്
Sam Pitroda
Sam Pitroda

ന്യൂഡൽഹി: രണ്ടാം ഘട്ടം വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ 'സമ്പത്ത് പുനർവിതരണ' വിവാദത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ ബിജെപി ശ്രമം. ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദയുടെ പ്രസ്താവനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ഇതിന് ആയുധമാക്കുന്നത്.

യുഎസിൽ 55 ശതമാനം പാരമ്പര്യ സ്വത്ത് നികുതി ഈടാക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞ പിത്രോദ, ഇത്തരമൊരു നിയമം ഇന്ത്യയിലില്ലെന്നും ഇതേക്കുറിച്ചു ചർച്ച വേണമെന്നും അഭിപ്രായപ്പെട്ടതാണു ബിജെപി ഈ വിഷയത്തിൽ ബിജെപിയുടെ വാദത്തിന് മൂർച്ച നൽകിയത്. സമ്പന്നനായ ഒരാള്‍ മരിച്ചാല്‍ അയാളുടെ വസ്തുവകകളുടെ 55% സർക്കാരിനു ലഭിക്കുന്നതാണു യുഎസിലെ നിയമമെന്നും പിത്രോദ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രസ്താവനയ്ക്കെതിരേ രംഗത്തെത്തിയതോടെ, അപകടം തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം പിത്രോദയെ തള്ളി. എന്നാൽ, പി. ചിദംബരം ധനമന്ത്രിയായിരിക്കെ ഇത്തരമൊരു നീക്കമുണ്ടായിരുന്നെന്ന വാർത്തകളുമായി ബിജെപി നേതൃത്വം തിരിച്ചടിച്ചു.

നാട്ടുകാര്‍ തങ്ങളുടെ സ്വത്തുക്കള്‍ അവരുടെ കുട്ടികള്‍ക്കു കൈമാറുന്നത് കോണ്‍ഗ്രസിന് ഇഷ്ടമാകുന്നില്ലെന്നായിരുന്നു ഛത്തിസ്ഗഡിലെ സർഗുജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം.

രാജകുടുംബത്തിലെ രാജകുമാരന്‍റെ ഉപദേശകന്‍ മധ്യവര്‍ഗത്തിനു മേൽ കൂടുതല്‍ നികുതി അടിച്ചേല്‍പ്പിക്കണമെന്നാണു പറയുന്നത്. ഇവര്‍ ഇപ്പോള്‍ ഒരു പടി കൂടി കടന്ന് പാരമ്പര്യ നികുതി ചുമത്തുമെന്നും പറയുന്നു. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ സമ്പാദിച്ചതു മക്കൾക്കു കൈമാറാൻ കോൺഗ്രസ് അനുവദിക്കില്ല. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും കൊള്ളയടിക്കുക എന്നതാണു കോൺഗ്രസിന്‍റെ മന്ത്രം. പാര്‍ട്ടി സ്വന്തം കുടുംബസ്വത്താക്കി മക്കൾക്കു കൈമാറുന്നവർ രാജ്യത്തെ പൗരന്മാർ സ്വയം ആർജിച്ച സ്വത്ത് മക്കൾക്ക് കൈമാറുന്നത് തടയാൻ ശ്രമിക്കുന്നെന്നും മോദി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിർമല സീതാരാമനും ആർഎസ്എസ് നേതാവ് വിനയ് സഹസ്രബുദ്ധെയും ഉൾപ്പെടെയുള്ളവർ കോൺഗ്രസിനെതിരേ രംഗത്തെത്തി. രാജ്യത്തെ വോട്ടർമാരുടെ 31 ശതമാനം വരുന്ന മധ്യവർഗത്തിൽ നിന്നു തിരിച്ചടി സാധ്യത വിലയിരുത്തിയ കോൺഗ്രസ്, പിത്രോദയുടെ പ്രസ്താവന കോൺഗ്രസ് നയമല്ലെന്നു വ്യക്തമാക്കി. ബിജെപി വ്യാജ ആരോപണങ്ങളുന്നയിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. തന്‍റേതു വ്യക്തിപരമായ പ്രസ്താവനയാണെന്ന് പിത്രോദയും പ്രതികരിച്ചു. അതേസമയം, എന്തു വന്നാലും ജാതി സെൻസസ് ഉൾപ്പെടെ പ്രഖ്യാപനങ്ങളിൽ നിന്നു പിന്നോട്ടുപോകില്ലെന്നു രാഹുൽ ഗാന്ധി ആവർത്തിച്ചു.

പ്രകടന പത്രിക പുറത്തിറക്കിയതിനൊപ്പം സമ്പത്തിന്‍റെ പുനർവിതരണത്തെക്കുറിച്ചു രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി തെരഞ്ഞെടുപ്പു വിഷയമാക്കിയത്. വികസനത്തിന്‍റെ ആദ്യ ഫലം ന്യൂനപക്ഷങ്ങൾക്ക് ലഭിക്കണമെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ പ്രസ്താവനയുമായി രാഹുലിന്‍റെ പ്രഖ്യാപനത്തെ ചേർത്തുവച്ച മോദി, സമ്പത്ത് ഒരു പ്രത്യേക വിഭാഗത്തിന് നൽകാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപിച്ചു. രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കുമാകും കോൺഗ്രസ് നൽകുകയെന്നും മോദി പറഞ്ഞിരുന്നു. മോദിയുടേതു വിദ്വേഷ പ്രസ്താവനയെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതി തെരഞ്ഞെടുപ്പു കമ്മിഷൻ പരിശോധിച്ചുവരികയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com