ബിജെപി സ്ഥാനാർഥി പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളുടെ ബുർഖ നീക്കി | Video
ഹൈദരാബാദ്: ബിജെപി സ്ഥാനാർഥി മാധവി ലത പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളുടെ ബുർഖ മാറ്റി പരിശോധന നടത്തിയ വിവാദമായി. ഐഡി കാർഡ് ഉടമകൾ തന്നെയാണോ വോട്ട് ചെയ്യാൻ വന്നിരിക്കുന്നതെന്നറിയാൻ മുഖാവരണം മാറ്റാൻ മാധവി ലത വോട്ടർമാരോട് ആവശ്യപ്പെടുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സ്ഥാനാർഥിക്കെതിരേ കേസെടുക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ റൊണാൾഡ് റോസ് പൊലീസിനോടു നിർദേശിച്ചിട്ടുണ്ട്. ആരുടെയും പർദ മാറ്റി പരിശോധന നടത്താൻ സ്ഥാനാർഥികൾക്ക് അധികാരമില്ലെന്നും റോസ് വ്യക്തമാക്കി. എന്നാൽ, ആളെ തിരിച്ചറിയാനുള്ള അവകാശം സ്ഥാനാർഥിക്കുണ്ടെന്നാണ് മാധവി ലതയുടെ വാദം.
ഹൈദരാബാദിൽനിന്ന് നാലു വട്ടം എംപിയായ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയാണ് ഇവിടെ മാധവി ലതയുടെ എതിർ സ്ഥാനാർഥി. സംഭവത്തെക്കുറിച്ച് ഒവൈസി പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാൽ, ബിജെപി സ്ഥാനാർഥി ബുർഖ മാറ്റി പരിശോധിക്കുന്നതിന്‍റെ വീഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.