ബിജെപി അധികാരത്തിലെത്തിയാൽ രാജസ്ഥാനിൽ പെട്രോൾ വില 11.80 രൂപ കുറയും; കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി

കഴിഞ്ഞ രണ്ട് വർഷമായി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പെട്രോളിനും ഡീസലിനും അധിക ലെവിയിൽ നിന്ന് 35,975 കോടി രൂപ സമാഹരിച്ചുവെന്നും പുരി കുറ്റപ്പെടുത്തി
ബിജെപി അധികാരത്തിലെത്തിയാൽ രാജസ്ഥാനിൽ പെട്രോൾ വില 11.80 രൂപ കുറയും; കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി
Updated on

ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ രാജസ്ഥാനിൽ പെട്രോൾ വില 11.80 രൂപ കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ശനിയാഴ്ച ജയ്പൂരിൽ തെരഞ്ഞെടുപ്പ് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവയാണ് ഹർദീപ് സിങ് പുരിയുടെ പ്രസ്‌താവന.

കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയ അധിക സെസ് കാരണം രാജ്യത്ത് ഏറ്റവും ഉയർന്ന പെട്രോൾ വിലയുള്ളത് രാജസ്ഥാനിലാണെന്നും കഴിഞ്ഞ രണ്ട് വർഷമായി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പെട്രോളിനും ഡീസലിനും അധിക ലെവിയിൽ നിന്ന് 35,975 കോടി രൂപ സമാഹരിച്ചുവെന്നും പുരി കുറ്റപ്പെടുത്തി.

“രാജസ്ഥാനിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് എന്ത് മാറ്റമുണ്ടാകുമെന്ന് എന്നോട് ചോദിക്കുന്നു. ഒന്നാമതായി, ഇവിടെ ബിജെപി സർക്കാർ രൂപീകരിക്കാൻ പോവുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. അധികാരത്തിൽ വന്നാൽ, രാജസ്ഥാനിൽ പെട്രോൾ വില രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലുള്ളതിന് തുല്യമാക്കാൻ വേണ്ടി ഞങ്ങൾ പ്രവർത്തിക്കും (പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒഴികെ). ഞങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ രാജസ്ഥാനിൽ പെട്രോളിന് ലിറ്ററിന് 11.80 രൂപയെങ്കിലും കുറയും’’. - ഹർദീപ് സിങ് പുരി പറഞ്ഞു.

അതേസമയം രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വാശിയേറിയ പ്രചാരണമാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പടെ കേന്ദ്ര നേതാക്കളും കേന്ദ്ര മന്ത്രിമാരും പ്രചാരണ രംഗത്തുണ്ട്. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രചാരണത്തിന് നേതൃത്വം നൽകുന്നുണ്ട്‌. അശോക് ഗെഹ്ലോട്ട് സർക്കാരിൻ്റെ ക്ഷേമപദ്ധതികളും ജാതി സെൻസസ് വിഷയവുമാണ് കോൺഗ്രസിൻ്റെ പ്രചാരണ ആയുധം. നവംബർ 25നാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com