ഫലം പ്രഖ്യാപിച്ചിട്ട് 7 ദിനം; മൗനം വിടാതെ മഹായുതി

മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ബിജെപിയുടെ അവകാശവാദമാണു സർക്കാർ രൂപീകരണം വൈകിക്കുന്നതെന്നാണു റിപ്പോർട്ട്
bjp delhi meeting maharashtra cm decision
ഫലം പ്രഖ്യാപിച്ചിട്ട് 7 ദിനം; മൗനം വിടാതെ മഹായുതി
Updated on

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും മഹാരാ‌ഷ്‌ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതിയുടെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം. മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്കുശേഷവും സഖ്യ നേതൃത്വം മൗനം തുടരുകയാണ്. ഇന്നലെ വൈകിട്ട് മുംബൈയിൽ മഹായുതിയുടെ യോഗം നിശ്ചയിച്ചിരുന്നു. എന്നാൽ, ഷിൻഡെ അപ്രതീക്ഷിതമായി ജന്മനാടായ സത്താറയിലെ ദാരെയിലേക്കു പോയതോടെ യോഗം മാറ്റിവച്ചു. 23നാണു തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചത്. 288 അംഗ നിയമസഭയിൽ 230 അംഗങ്ങളുണ്ട് മഹായുതിക്ക്.

മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ബിജെപിയുടെ അവകാശവാദമാണു സർക്കാർ രൂപീകരണം വൈകിക്കുന്നതെന്നാണു റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് എതിർപ്പില്ലെന്ന സൂചന കഴിഞ്ഞ ദിവസം ഷിൻഡെ നൽകിയിരുന്നു. പുതിയ സർക്കാരിന്‍റെ രൂപീകരണത്തിനു താൻ തടസമാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നുമാണു ഷിൻഡെ പ്രഖ്യാപിച്ചത്. ആഭ്യന്തരം, നഗരവികസനം തുടങ്ങി സുപ്രധാന വകുപ്പുകളെച്ചൊല്ലിയാണ് ഇപ്പോൾ ചർച്ചകളെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, ഷിൻഡെയെ കേന്ദ്ര മന്ത്രിയാക്കുമെന്ന സൂചനകളും ഉയർന്നു.

എന്നാൽ, ഷിൻഡെ കേന്ദ്രത്തിലേക്കു പോകില്ലെന്നും ഇന്നു വൈകിട്ട് അദ്ദേഹം സുപ്രധാന തീരുമാനം പ്രഖ്യാപിക്കുമെന്നും ശിവസേന എംഎൽഎ സഞ്ജയ് ഷിർസത്ത് പറഞ്ഞു. ഫഡ്നാവിസ് മുഖ്യമന്ത്രിയും ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരുമെന്ന നിലയ്ക്കാണു ചർച്ചകൾ പുരോഗമിക്കുന്നതെന്നു നേരത്തേ ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള ഫഡ്നാവിസിനു പകരം മറാഠ നേതാവിനെ മുഖ്യമന്ത്രിയായി അവതരിപ്പിക്കുന്ന അപ്രതീക്ഷിത നീക്കത്തിനു ബിജെപി തയാറാകുമോ എന്നും കാണാനിരിക്കുന്നു. ജെ.പി. നഡ്ഡയുടെ പിൻഗാമിയായി ഫഡ്നാവിസിനെ പാർട്ടിയുടെ ദേശീയ അധ്യക്ഷനാക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com