മോദിക്കെതിരെ അടിസ്ഥാന രഹിത പ്രസ്താവന നടത്തി; രാഹുലിനെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്

ഇന്നലെ രാഹുൽ പാർലമെന്‍റിൽ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സഭയില്‍ വയ്ക്കാന്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല
മോദിക്കെതിരെ അടിസ്ഥാന രഹിത പ്രസ്താവന നടത്തി; രാഹുലിനെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാ വിരുദ്ധവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് നൽകിയത്. രാഹുലിന്‍റെ പ്രസംഗം രേഖയിൽ നിന്നും മാറ്റണമെന്നും രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. 

ഇന്നലെ രാഹുൽ പാർലമെന്‍റിൽ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സഭയില്‍ വയ്ക്കാന്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് അദാനി വിഷയം ഉന്നയിച്ച് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. മോദിയും അദാനിയും ഒന്നിച്ചുള്ള ചിത്രം ഉയർത്തിയായിരുന്നു രാഹുലിന്‍റെ പ്രസംഗം. പ്രധാനമന്ത്രിയുടെ വിധേയനാണ് അദാനിയെന്നും മോദിയുമായി അദാനിക്ക് വർഷങ്ങളുടെ ബന്ധമാണുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെയായിരുന്നു രാഹുലിന്‍റെ പ്രസംഗം.

ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. രാജ്യം മുഴുവൻ സഞ്ചരിച്ചപ്പോൾ ഏറ്റവുമധികം കേട്ടത് അദാനിയുടെ പേരാണെന്നും അദാനി എങ്ങനെ ഇത്രയും സമ്പന്നനായെന്ന് ജനങ്ങൾക്ക് അറിയണമെന്നും മോദിയുമായുള്ള ബന്ധമാണ് അദാനിയെ ലോകത്തെ 2 മത്തെ സമ്പന്നനാക്കിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്ത് വികസനത്തിന് വഴിയൊരുക്കിയത് അദാനിയാണെന്നും രാഹുൽ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.

രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് അദാനിക്ക് നൽകിയതായും  2014 നു ശേഷം അദാനിയുടെ ആസ്തി പലമടങ്ങു വർധിച്ചതായാണ് കണക്കുകളെന്നും രാഹുൽ പറഞ്ഞു. എൽഐസിയും പൊതുമേഖല ബാങ്കുകളും അദാനിക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ്. മോദിയുടെ വിദേശയാത്രയുടെ ആനുകുല്യങ്ങൾ അനുഭവിക്കുന്നത് അദാനിയാണെന്നും  രാഹുൽ സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവുകൾ നിരത്തണമെന്നായിരുന്നു ഭരണ പക്ഷത്തിന്‍റെ നിലപാട്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ അനുവദിക്കരുതെന്നും ഭരണ പക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും രാഹുൽ പ്രസംഗം തുടരുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com