

നിതീഷ് കുമാർ, നരേന്ദ്ര മോദി.
File
പറ്റ്ന: എക്സിറ്റ് പോൾ പ്രവചനങ്ങളെപ്പോലും കവച്ചു വച്ച പ്രകടനവുമായി ബിഹാറിൽ എൻഡിഎ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നത് ബിജെപിയോ അതോ ജെഡിയുവോ എന്ന കാര്യം മാത്രമാണ് ഇനി അറിയാനുള്ളത്. നിലവിലുള്ള ലീഡ് നില അനുസരിച്ച് സഖ്യകക്ഷിയെക്കാൾ ഏതാനും സീറ്റുകൾക്കു മുന്നിലാണ് ബിജെപി.
സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിൽ ഇരുനൂറോളം സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. ബിജെപി തങ്ങളുടെ ബിഹാറിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് അടുക്കുന്നത്.
മത്സരിച്ച 101 സീറ്റുകളിൽ 80ലധികം സീറ്റുകളിൽ ബിജെപി ജയം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്കിടയിലും, രാജ്യത്തെ ഒന്നാം നമ്പർ രാഷ്ട്രീയ ശക്തി എന്ന നിലയിൽ ബിജെപിയുടെ സ്ഥാനം ഈ പ്രകടനം കൂടുതൽ ഉറപ്പിക്കും. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ ബിജെപിയുടെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് ബിഹാറിലെ എൻഡിഎയുടെ ഈ മുന്നേറ്റം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്‍റെ ടീമിന്‍റെയും ശക്തമായ പിന്തുണ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് വലിയ നേട്ടമുണ്ടാക്കി. 2020-ൽ 43 സീറ്റുകൾ മാത്രം നേടിയ ജെഡിയു ഇപ്പോൾ എഴുപതിലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി(ആർവി) 29 സീറ്റുകളിൽ മാത്രമാണ് മത്സരിച്ചതെങ്കിലും 20ലധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.
പ്രതിപക്ഷത്തായിരുന്നിട്ടും 'ഏറ്റവും വലിയ ഒറ്റക്കക്ഷി' എന്ന് സ്വയം അഭിമാനിച്ചിരുന്ന ആർജെഡി, 140ലധികം സീറ്റുകളിൽ മത്സരിച്ചെങ്കിലും നാൽപ്പതിൽ താഴെ സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. 61 സീറ്റുകളിൽ മത്സരിക്കുകയും പലയിടത്തും സഖ്യകക്ഷികളുമായി സൗഹൃദ മത്സരം നടത്തുകയും ചെയ്ത കോൺഗ്രസ് പത്തിൽ താഴെ സീറ്റുകളിലേക്ക് ഒതുങ്ങുന്ന ലക്ഷണമാണ് കാണിക്കുന്നത്.
ഈ ട്രെൻഡുകൾ ഫലങ്ങളായി മാറുകയാണെങ്കിൽ, തുടർച്ചയായ രണ്ടാം തെരഞ്ഞെടുപ്പിലും ജെഡിയുവിനെ ബിജെപി മറികടക്കും. ഇത് ബിജെപി അണികൾക്കിടയിൽ 'സ്വന്തമായി മുഖ്യമന്ത്രി' വേണമെന്ന ആവശ്യം ഉയർത്താൻ കാരണമായേക്കാം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇതുവരെ ഈ വിഷയത്തിൽ വ്യക്തമായ നിലപാട് എടുത്തിട്ടില്ല. രാജ്യഭയിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക്, നിലനിൽപ്പിനായി ജെഡിയു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി തുടങ്ങിയ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, 'ബിഹാറിൽ എൻഡിഎയെ നയിക്കുന്നത് നിതീഷ് കുമാറാണ്' എന്ന നിലപാടാണ് അവർ സ്വീകരിച്ചിരുന്നത്.
ബിജെപി സ്ഥാനാർഥികളിൽ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി (താരപൂർ), വിജയ് കുമാർ സിൻഹ (ലഖിസരായി) എന്നിവർ തങ്ങളുടെ സീറ്റുകളിൽ മുന്നിലാണ്.
ഇൻഡ്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ആർജെഡി നേതാവ് തേജസ്വി യാദവ്, ബിജെപി എതിരാളി സതീഷ് കുമാറിനെക്കാൾ പിന്നിലാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് അച്ഛൻ ലാലു പ്രസാദ് യാദവ് പാർട്ടിയിൽനിന്ന് പുറത്താക്കിയ തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവ് അടുത്തുള്ള മഹ്‌വ മണ്ഡലത്തിൽ നാലാം സ്ഥാനത്താണ്.