വിദ്വേഷ വീഡിയോ: ബിജെപി ഐടി സെൽ കൺവീനറെ കർണാടക പൊലീസ് ചോദ്യം ചെയ്തു
ബംഗളൂരു: മുസ്ലിം സംവരണ വിഷയത്തിൽ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ബിജെപി ഐടി സെൽ സംസ്ഥാന കൺവീനർ പ്രശാന്ത് മാക്കന്നൂരിനെ കർണാടക പൊലീസ് ചോദ്യം ചെയ്തു. പ്രശാന്ത് നേരത്തെ മുൻകൂർ ജാമ്യമെടുത്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും ചേർന്ന് ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുസ്ലിംകൾക്കു നൽകുന്നെന്ന് ആരോപിക്കുന്ന ആനിമേഷൻ വീഡിയോയാണ് പ്രചരിപ്പിച്ചത്.
ഈ കേസിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര എന്നിവർ ഒരാഴ്ച്ചയ്ക്കകം ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് കാട്ടി കർണാടക പിസിസി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ പരാതിയിൽ കോൺഗ്രസ് പറയുന്നു.