

യശ്വസിനി രാജെ സിങ്
ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഡൽഹി പൊലീസ് ബിജെപി നേതാവിന്‍റെ മകളെ കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശിലെ മുൻ ബിജെപി എംഎൽഎയായ വിക്രം സിങ്ങിന്‍റെ മകൾ യശ്വസിനി രാജെ സിങ്ങിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബംഗ്ലാ സാഹിബിന് സമീപത്തുള്ള പാർക്കിൽ ഇരുന്നതിന് തന്നെ കസ്റ്റഡിയിലെടുത്തുവെന്നും നിലവിൽ കേശവ് പുരം പൊലീസ് സ്റ്റേഷനിലാണെന്നും അവർ എക്സിൽ കുറിച്ചു.
ജൂൺ-ജൂലൈ മാസങ്ങളിൽ നടന്ന നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയ്ക്കെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിദ‍്യാർഥി പ്രക്ഷോഭത്തിനും യശ്വസിനി പിന്തുണ നൽകിയിരുന്നു. അന്ന് അത് വലിയ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.
അതേസമയം, 40,000ത്തിലധികം ഡൽഹി പൊലീസിനെയും കേന്ദ്ര സായുധ സേനയെയും പ്രതിഷേധം നടക്കുന്ന സ്ഥലത്ത് വിന‍്യസിച്ചിട്ടുണ്ട്. സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരടക്കം നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.