

അഖിലേഷ് യാദവ്
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നയിച്ച റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് 12 വയസുകാരൻ മരിച്ചു. പ്രാദേശിക ബിജെപി നേതാവായ ഓംകാർ സിങ്ങിന്റെ മകൻ ആര്യവർധൻ സിങ് ആണ് മരിച്ചത്. ഗോരഖ്പൂർ വിമാനത്താവളത്തിൽ നിന്ന് ചൗരി ചൗരയിലേക്ക് നടന്ന റാലിക്കിടെയാണ് സംഭവം.
റാലിയിൽ പുഷ്പവൃഷ്ടി നടത്താൻ എത്തിച്ചതായിരുന്നു ബുൾഡോസർ. അഖിലേഷിന്റെ വാഹനവ്യൂഹം കടന്നുപോയതോടെ അതിവേഗത്തിൽ എത്തിയ ബുൾഡോസർ റോഡരികിൽ നിന്നിരുന്ന കുട്ടിയെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലെ ഡിവൈഡറിലേക്ക് തെറിച്ചുവീണ കുട്ടി തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഗോരഖ്പൂർ എംഎൽഎ എൻജിനീയർ സർവൺ നിഷാദ് കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്ന് എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ട് മന്ത്രി ഡോ. സഞ്ജയ് നിഷാദ് നിർദേശം നൽകി.
സംഭവത്തിൽ സമാജ്വാദി പാർട്ടിക്കെതിരേ ബിജെപി രംഗത്തെത്തി. സമാജ്വാദി പാർട്ടിയുടെ തെമ്മാടിത്തരമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബിജെപി ആരോപിച്ചു.
അതേസമയം കുട്ടിയുടെ മരണത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. റോഡ്ഷോയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർക്ക് വീഴ്ച വന്നതായും അദ്ദേഹം ആരോപിച്ചു. തനിക്ക് സംഭവത്തെക്കുറിച്ച് ഒരു വിവരവുമില്ല. മാത്രമല്ല അധികൃതർ ഒരു ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ല. ജനങ്ങൾ ബിജെപി പ്രവർത്തകരെക്കുറിച്ച് ജാഗ്രത പുലർത്തണം. അവർ ആരെയും കള്ളക്കേസുകളിൽ കുടുക്കുമെന്നും അഖിലേഷ് പറഞ്ഞു.
അപകടമുണ്ടാക്കിയ ബുൾഡോസർ പിടിച്ചെടുത്തതായും ഉടമസ്ഥനെ കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.