
ന്യൂഡൽഹി: ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരേ സിബിഐ അന്വേഷണത്തിനു ലോക്പാൽ ഉത്തരവിട്ടെന്നു ബിജെപി എംപി നിഷികാന്ത് ദുബെ. മഹുവയ്ക്കെതിരേ താൻ ഉന്നയിച്ച അഴിമതിയാരോപണത്തിലാണ് അന്വേഷണമെന്നും അദ്ദേഹം. ചോദ്യക്കോഴയിൽ തൃണമൂൽ എംപിക്കെതിരായ നടപടി തീരുമാനിക്കാൻ ഇന്നു ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി ചേരാനിരിക്കെയാണു ദുബെയുടെ വെളിപ്പെടുത്തൽ. എന്നാൽ, ലോക്പാൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
എന്നാൽ, അദാനിയുൾപ്പെട്ട 13,000 കോടി രൂപയുടെ കൽക്കരി അഴിമതിയിലാണ് സിബിഐ ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതെന്നു മഹുവ പ്രതികരിച്ചു. അതിനിടെ, ഇന്നു നടക്കുന്ന എത്തിക്സ് കമ്മിറ്റി യോഗം മാറ്റിവയ്ക്കണമെന്നു സമിതിയംഗവും കോൺഗ്രസ് എംപിയുമായ എൻ. ഉത്തംകുമാർ റെഡ്ഡി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സമിതി അധ്യക്ഷൻ വിനോദ്കുമാർ സോൻകറിന് അദ്ദേഹം കത്തു നൽകി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റെഡ്ഡിക്ക് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ദിവസമാണിന്ന്. ഇതു കണക്കിലെടുത്താണ് റെഡ്ഡിയുടെ അഭ്യർഥന. മോദി സർക്കാരിന്റെ കടുത്ത വിമർശകയായ മഹുവയെ കേന്ദ്ര സർക്കാർ പ്രത്യേകം ലക്ഷ്യമിടുകയാണെന്നും അദ്ദേഹം.
റിയൽ എസ്റ്റേറ്റ് വ്യവസായി ദർശൻ ഹിരാനന്ദനിയിൽ നിന്നു പണവും സമ്മാനങ്ങളും വാങ്ങി ലോക്സഭയിൽ ചോദ്യങ്ങളുന്നയിച്ചെന്നാണു മഹുവയ്ക്കെതിരായ ആരോപണം. അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായതുൾപ്പെടെ സഭയിൽ ഉന്നയിച്ച 61 ചോദ്യങ്ങളിൽ 51ഉം ഹിരാനന്ദനിയുടെ താത്പര്യം സംരക്ഷിക്കാനായിരുന്നുവത്രെ. ലോക്സഭാംഗമെന്ന നിലയിൽ ലഭിച്ച ലോഗിൻ ഐഡിയും പാസ്വേഡും മഹുവ, ഹിരാനന്ദനിക്കു കൈമാറിയിരുന്നു. ചോദ്യങ്ങൾ പലതും ഹിരാനന്ദനിയാണു തയാറാക്കിയതെന്നും ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. ലോഗിൻ ഐഡിയും പാസ്വേഡും കൈമാറിയതടക്കമുള്ള കാര്യങ്ങൾ മഹുവയും ഹിരാനന്ദനിയും സമ്മതിച്ചിട്ടുണ്ട്